കോമൺവെൽത്ത് ഗെയിംസ് : ഹോക്കിയിൽ ഇന്ത്യയെ മൻപ്രീത് നയിക്കും

Tuesday 21 June 2022 11:14 PM IST

ന്യൂഡൽഹി: അടുത്ത മാസം ബർമിംഗ്ഹാമിൽ തുടങ്ങുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെമൻപ്രീത് സിംഗ് നയിക്കും. 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം പി.ആർ. ശ്രീജേഷാണ് ഗോൾകീപ്പർ.

ജൂലായ് 28 മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. സീനിയർ താരങ്ങളടങ്ങിയ മികച്ച നിരയെയാണ് ഇന്ത്യ അയയ്ക്കുന്നത്. രണ്ടാം നിര ടീമിനെയാവും അയയ്ക്കുകയെന്ന് ഹോക്കി ഫെഡറേഷൻ ഓഫ് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പുതുമുഖങ്ങളെ അണിനിരത്തിയിറങ്ങിയ ഏഷ്യാ കപ്പിൽ ഇന്ത്യ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെയാണ് സീനിയേഴ്സിനെത്തന്നെ വീണ്ടും ആശ്രയിക്കാൻ തീരുമാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമിലെ മിക്ക അംഗങ്ങളും കോമൺവെൽത്തിനായുള്ള ടീമിലുണ്ട്.

ഇന്ത്യ പൂൾ ബിയിലാണ് കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുന്നത്. ഘാന, ഇംഗ്ലണ്ട്, കാനഡ, വേയ്ൽസ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ ഫൈനലിന് യോഗ്യത നേടും.

ഇന്ത്യൻ ഹോക്കി ടീമിന് ഇതുവരെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടാനായിട്ടില്ല. 2010-ലും 2014-ലും വെള്ളി നേടിയതാണ് മികച്ച നേട്ടം. കഴിഞ്ഞ തവണ ഇന്ത്യയ്ക്ക് മെഡൽ നേടാൻ സാധിച്ചില്ല. വെങ്കലമെഡലിനായുള്ള മത്സരത്തിൽ അന്ന് ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങി

Advertisement
Advertisement