അയവില്ലാതെ ആശുപത്രികൾ, മെഡിസെപ് ത്രിശങ്കുവിൽ

Wednesday 22 June 2022 12:00 AM IST

തിരുവനന്തപുരം: ചില രോഗങ്ങളുടെ ചികിത്സാചെലവിനെപ്പറ്റിയുള്ള തർക്കത്തിൽ തീരുമാനമാകാത്തതിനാൽ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അദ്ധ്യാപകർക്കുമുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ത്രിശങ്കുവിൽ.

ജൂലായ് ഒന്നിന് പദ്ധതി ആരംഭിക്കാനാണ് സർക്കാർ തീരുമാനമെങ്കിലും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ഇരുപതോളം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ വിട്ടുനിൽക്കുന്നത് വിലങ്ങുതടിയാണ്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള ഈ ആശുപത്രികളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പലതവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവരെ ഒഴിവാക്കിയാൽ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
ആശുപത്രികളുടെ പട്ടികയ്ക്ക് അന്തിമരൂപമാകാത്തതിനാൽ പദ്ധതി തുടങ്ങാനാവാത്ത സ്ഥിതിയാണ്. ആശുപത്രികൾ കടുത്ത നിലപാട് തുടർന്നാൽ സർക്കാർ വിട്ടുവീഴ്ച ചെയ്യാനിടയുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

 തർക്കം ചികിത്സാ നിരക്കിനെ ചൊല്ലി

മെഡിസെപ്പ് പദ്ധതിയിൽ ഒാറിയന്റൽ ഇൻഷ്വറൻസ് കമ്പനി 30 ലക്ഷം ഗുണഭോക്താക്കൾക്കായി മൂന്ന് ലക്ഷം രൂപയുടെ ചികിത്സാസഹായമാണ് നൽകുന്നത്. ചില രോഗങ്ങളുടെ ചികിത്സാ നിരക്ക് വർദ്ധിപ്പിക്കണമെന്നും അല്ലെങ്കിൽ വൻ നഷ്ടമുണ്ടാകുമെന്നുമാണ് ആശുപത്രികളുടെ വാദം. വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് ഇൻഷ്വറൻസ് കമ്പനി. ആശുപത്രികളുടെ നിലപാട് മയപ്പെടുത്താനാണ് സർക്കാർ ശ്രമം. അല്ലെങ്കിൽ ആശുപത്രികളുടെ അധിക സാമ്പത്തിക ഭാരം സർക്കാർ വഹിക്കേണ്ടി വന്നേക്കും. നിലവിൽ സർക്കാരിന് അധികബാദ്ധ്യതയില്ല. ജീവനക്കാരുടെ വിഹിതം മാസംതോറും പെൻഷനിൽ നിന്നോ, ശമ്പളത്തിൽ നിന്നോ പിടിച്ചെടുത്ത് ഇൻഷ്വറൻസ് കമ്പനിക്ക് പ്രീമിയം അടയ്ക്കേണ്ട ബാദ്ധ്യത മാത്രമാണുളളത്. പദ്ധതിയിൽ സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തണമെന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പരിമിതി ചൂണ്ടിക്കാട്ടി വഴങ്ങിയില്ല.


മെഡിസെപ്പ് പദ്ധതി

ഗുണഭോക്താക്കൾ- 30 ലക്ഷം പേർ

(പെൻഷൻകാരുൾപ്പെടെ 11 ലക്ഷം പേരും അവരുടെ കുടുംബാംഗങ്ങളും)

ചികിത്സസഹായം- 3 ലക്ഷം രൂപ

 പദ്ധതിയിൽ ലിസ്റ്റ് ചെയ്ത ആശുപത്രികൾ -162

 സമ്മതം നൽകിയത് - 118 എണ്ണം

 വിട്ടു നിൽക്കുന്നത് - 44 എണ്ണം

ഒഴിവാക്കാനാവാത്ത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ - 20

Advertisement
Advertisement