എലിസബത്ത് ; പ്രവാസത്തിന്റെ മറുപുറം

Wednesday 22 June 2022 12:00 AM IST

"ലോക കേരളസഭ എലിസബത്തിന്റേതും" എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ (ജൂൺ 19 ) എന്ന വാർത്തയാണ് ഈ കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എലിസബത്തിനെ പോലെ നരകയാതന അനുഭവിക്കുന്ന അനവധി ആൾക്കാർ, ഇതേ സാഹചര്യത്തിൽ, ഗൾഫ് നാടുകളിൽ ജീവിതം തള്ളിനീക്കുന്നു എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം. കുടുംബം പുലർത്താൻ ആ സഹോദരി അനുഭവിച്ച കഷ്ടപ്പാടുകളും, ദുരിതങ്ങളും ഒരു പൊതുവേദിയിൽ പറയേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് അധികാരികൾ ആഴത്തിൽ ചിന്തിക്കണം. ലോക കേരളസഭയിൽ ഒരു പ്രതിനിധിയായി എത്തിയതുകൊണ്ട് മാത്രമാണ് വീട്ടുജോലിക്കായി ഗൾഫുനാടുകളിൽ പോകുന്നവർ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെ ക്രൂരമുഖം പുറംലോകത്തിന് കൂടുതൽ വ്യക്തമായി അറിയാൻ കഴിഞ്ഞത്. ജോലിക്കായി ബന്ധുവീട്ടിൽ നിന്നപ്പോൾ അവർക്കുണ്ടായ തിക്താനുഭവങ്ങൾ വായിച്ചപ്പോൾ ബന്ധുക്കൾ മലയാളികളാണോ എന്നുപോലും സംശയിച്ചു പോകുന്നു. താലിബാൻ ഭീകരരിൽ നിന്നു പോലും ഇത്രയും പീഡനം ആർക്കും സഹിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മയാണ് വിദേശനാടുകളിലേക്ക് പോകാൻ പാവപ്പെട്ടവരെ പ്രേരിപ്പിക്കുന്നത്. ഈ അവസരം മുതലാക്കാൻ ആരെയും അനുവദിച്ചുകൂടാ. മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനോടൊപ്പം, സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് ഗവൺമെന്റിന്റെ കടമയാണ്. വീട്ടുജോലിക്കായി പോകുന്നവർ അടിമകളെപ്പോലെ പണിയെടുക്കേണ്ട സാഹചര്യമാണ് ഗൾഫുനാടുകളിൽ നിലവിലുള്ളത്. അതിനാൽ വിഷയത്തിൽ വിദേശകാര്യ വകുപ്പിന്റെ അടിയന്തരശ്രദ്ധ പതിയേണ്ടതാണ്. ഇത്രയും ദുരിതങ്ങൾ സഹിച്ച് അവിടെ കഴിഞ്ഞു കൂടുന്നവർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിൽവന്ന് പോകാൻ പോലുമുള്ള സാഹചര്യമില്ല. ഗവണ്മെന്റുകൾ വമ്പൻ ബിസിനസ്സുകാരുടെ ആജ്ഞാനുവർത്തികളായി മാത്രം മാറരുത്!

ആർ. എസ്. ഉണ്ണികൃഷ്ണൻ

കാട്ടായിക്കോണം

Advertisement
Advertisement