മത്സര ബൈക്കോട്ടത്തിന് ക്ലിപ്പിടാൻ 'ഓപ്പറേഷൻ റേസ് ' രണ്ടാഴ്ച കർശന പരിശോധന

Wednesday 22 June 2022 12:13 AM IST

തിരുവനന്തപുരം: വാഹനയാത്രക്കാർക്കും വഴിപോക്കർക്കുമെല്ലാം പേടിസ്വപ്നമായ ബൈക്ക് റേസർമാരെ ക്ലിപ്പിടാൻ മോട്ടോർ വാഹന വകുപ്പ് സജ്ജമായി. ബൈക്കുകളുടെ മത്സരയോട്ടം അടിക്കടി അപകടങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണിത്. രണ്ടാഴ്ച പരിശോധനകൾ കർശനമാക്കും. 'ഓപ്പറേഷൻ റേസ് ' എന്ന പേരിലാവും ഇരുചക്ര വാഹനങ്ങൾ പരിശോധിക്കുക.

കോവളം -മുക്കോല ബൈപ്പാസിൽ റേസിംഗ് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിക്കാനിടയായതിനെ തുടർന്നാണ് തീരുമാനം. സ്ഥിരം റേസിംഗ് സ്ഥലങ്ങളിൽ പരിശോധന കാര്യക്ഷമമാക്കും. മുന്തിയ കോഫീ ഷോപ്പുകൾ, യുവാക്കൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളും പരിധിയിൽ വരും. ബൈക്കുകൾ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്നും നമ്പർ പ്ളേറ്റുകൾ മറച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. നേരത്തെ കവടിയാറിൽ റേസിംഗ് നടന്നിരുന്നു. പരിശോധന കർശനമാക്കിയതോടെ അത് നിലച്ചെങ്കിലും പുതിയ ഇടങ്ങൾ ബൈക്കോട്ടക്കാർ കണ്ടെത്തുന്നത് എം.വി.ഡിക്ക് തലവേദനയാണ്.

 പരിമിതികൾ പലത്

വാഹനങ്ങൾ പിടിച്ചെടുത്താൽ ഏഴു ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കി തിരിച്ചെടുക്കാനാവുമെന്നത് പരിമിതിയാണ്. ബൈക്ക് റേസിംഗ് നടക്കുന്നതായി വിവരം ലഭിച്ചാലുടനെ ചെന്നു പിടികൂടാൻ മോട്ടോർ വാഹന വകുപ്പിന് കഴിയാറില്ല. എൻഫോഴ്സ്‌മെന്റ് ടീം സ്ഥലത്ത് എത്തുമ്പോഴേക്കും രഹസ്യവിവരം കിട്ടുന്നതുകൊണ്ട് ബൈക്കോട്ടക്കാർ കടന്നുകളയും. കൈകാണിച്ചാലും നിറുത്താതെ പായുന്ന ഇവരെ പിന്തുടർന്നാൽ അപകടസാദ്ധ്യതയേറുമെന്നതിനാൽ നോക്കിനിൽക്കാനേ പലപ്പോഴും കഴിയാറുള്ളൂ.


 യാർഡ് ഇല്ല

മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയാണ് പതിവ്. സ്‌റ്റേഷനുകളിൽ അവ ദീർഘനാൾ സൂക്ഷിക്കരുതെന്ന് ഡി.ജി.പിയുടെ നിർദ്ദേശമുള്ളതിനാൽ രേഖകൾ ഹാജരാക്കുമ്പോൾ വാഹനം വിട്ടുകൊടുക്കും. പിഴ നിശ്ചിത ദിവസത്തിനകം ഓൺലൈനിലൂടെ അടച്ചാൽ മതിയാകും. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ എല്ലാ ജില്ലകളിലും യാർഡുകൾ വേണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്.

 സോഷ്യൽ മീഡിയ

റേസിംഗ് നടത്തുന്നവർ അതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്‌റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പോസ്‌റ്റ് ചെയ്യാറുണ്ട്. ഇവയും എം.വി.ഡിയുടെ നിരീക്ഷണത്തിലാണ്. ഇത്തരം ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യുന്നവരെ കണ്ടെത്തി വാഹനം കസ്‌റ്റഡിയിലെടുക്കും.

Advertisement
Advertisement