സ്ഥിര നിക്ഷേപ പലിശ നിരക്കുയർത്തി ബാങ്കുകൾ

Thursday 23 June 2022 12:00 AM IST

മുംബയ്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ നിലവിൽ വന്നു. നിലവിൽ 2.75 ശതമാനം മുതൽ 5.75 ശതമാനം വരെയാണ് ഫെഡറൽ ബാങ്ക് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 6.40 ശതമാനം വരെയുമാണ് പലിശ. 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് 10 ബേസിസ് പോയിന്റാണ് ബാങ്ക് വർദ്ധിപ്പിച്ചത്. മുൻപ് 2.65 ശതമാനമായിരുന്ന പലിശനിരക്ക് ഇന്ന് മുതൽ 2.75 ശതമാനമായി. 181 ദിവസം മുതൽ 270 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് 4.50 ശതമാനത്തിൽ നിന്ന് 4.60 ശതമാനമായി ഉയർന്നു.

 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനമായി തന്നെ നിലനിർത്തി.

 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.65 ശതമാനം പലിശ നൽകുന്നത് തുടരും.

 61 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശനിരക്ക് 3.75 ശതമാനമായി തുടരും.

 91 ദിവസം മുതൽ 119 ദിവസം വരെയും 120 ദിവസം മുതൽ 180 ദിവസം വരെയുമുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവും പലിശ നിരക്ക് നൽകുന്നത് തുടരും.

 സ്ഥിരനിക്ഷേപ പലിശ ഉയർത്തി ഐ.സി.ഐ.സി.ഐ

മുംബയ് : ആറ്‌ ദിവസത്തിനിടെ രണ്ടാം തവണയും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി സ്വകാര്യ വായ്പ ദാതാവായ ഐ.സി.ഐ.സി.ഐ ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കുകളാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങളുടെ നിരക്കുകളാണ് വർധിപ്പിച്ചത്. 2.75 ശതമാനം മുതൽ 5.75 ശതമാനം വരെയുള്ള നിരക്കുകളിലാണ് വർദ്ധന ഉണ്ടായത്. 185 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് ഇനി ബാങ്ക് നൽകുന്ന പലിശ നിരക്ക് 4.65 ശതമാനമാണ്. ചൊവ്വാഴ്ച വരെ ഇത് 4.60 ശതമാനമായിരുന്നു.

 ആക്സിസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകൾ ഉയർത്തി സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് ഉയർത്തി. 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം മുതൽ 5.75 ശതമാനം വരെ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 3 ശതമാനം മുതൽ 3.50 ശതമാനം വരെ പലിശ ലഭിക്കും.

Advertisement
Advertisement