ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നിയമങ്ങൾ നടപ്പാക്കാനുള്ള സമയപരിധി നീട്ടി ആർ.ബി.ഐ

Thursday 23 June 2022 12:01 AM IST

മുംബയ്: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനുള്ള കാലാവധി ആർ.ബി.ഐ നീട്ടി. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായുള്ള മൂന്ന് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നീട്ടിയത്. മൂന്ന് മാസത്തേക്കാണ് സമയപരിധി ഉയർത്തിയത്. ഒക്ടോബർ 1 ന് കാലാവധി അവസാനിക്കും ആയിരിക്കും.

1, കാർഡ് ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഉപഭോക്താവ് കാർഡ് ആക്ടിവേറ്റ് ചെയ്യണം. ഒരു ക്രെഡിറ്റ് കാർഡ് സജീവമാക്കുന്നതിന് കാർഡ് ഉടമയിൽ നിന്ന് ഒ.ടി.പി (ഒറ്റത്തവണ പാസ്‌വേഡ്) അടിസ്ഥാനമാക്കി അനുവാദം വാങ്ങണം. കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള സമ്മതം ലഭിച്ചില്ലെങ്കിൽ ഏഴ് പ്രവൃത്തി ദിവസത്തിനകം കാർഡ് ഇഷ്യൂ ചെയ്യുന്നവർ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. ഇതിൽ അക്കൗണ്ട് ഉടമയിൽ നിന്നും പണം ഈടാക്കാൻ പാടുള്ളതല്ല.

2, ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക് നൽകുന്ന വായ്പയുടെ പരിധി ലംഘിക്കരുത്. കാർഡ് ഉടമയിൽനിന്ന് വ്യക്തമായ സമ്മതം വാങ്ങാതെയാണ് കാർഡ് നൽകിയിട്ടുള്ളത് എന്നുണ്ടെങ്കിൽ കാർഡ് വിതരണക്കാർ ഉറപ്പാക്കേണ്ടതുണ്ട്. കാർഡ് ഉടമയുമായി തീരുമാനിച്ച തുകയിൽ കൂടുതൽ സമ്മതമില്ലാതെ നൽകുകയോ പലിശ ഈടാക്കുകയോ ചെയ്യരുത്.

3, കാർഡ് ഇഷ്യു ചെയ്യുന്നവർ അനാവശ്യ കൂട്ടുപലിശ ഈടാക്കരുത്. ആർ.ബി.ഐയുടെ മറ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിശ്ചിത സമയപരിധിയിൽ മാറ്റമില്ല.