ആർ.എസ്.എസ് വേദി പങ്കിടൽ : കെ.എൻ.എ ഖാദറെ തള്ളി ലീഗ്

Wednesday 22 June 2022 10:05 PM IST

കോഴിക്കോട്: കേസരി ഭവൻ കാമ്പസിൽ ആർ.എസ്.എസ് സംഘടിപ്പിച്ച ധ്യാനബുദ്ധന്റെ പ്രതിമ അനാവരണ ചടങ്ങിൽ പങ്കെടുത്തത് വിവാദമായതോടെ മുസ്ളിം ലീഗ് നേതാവ് കെ.എൻ.എ ഖാദറെ തള്ളി ലീഗ് നേതൃത്വം. എം.കെ മുനീർ, കെ.എം.ഷാജി, യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയവർ പരസ്യമായി വിമർശിച്ചു.

പാർട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദർ പങ്കെടുത്തതെന്നും വിശദീകരണം തേടിയ ശേഷം തുടർ നടപടി ചർച്ച ചെയ്യുമെന്നും മുനീർ വ്യക്തമാക്കി. വിശദീകരണം പരിശോധിക്കട്ടെ എന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതേസമയം, ദേശീയ വീക്ഷണമുള്ള ദേശസ്‌നേഹിയായ വ്യക്തിയെന്ന നിലയിലാണ് കെ.എൻ.എ ഖാദറെ ക്ഷണിച്ചതെന്ന് ആർ.എസ്.എസ് സംസ്ഥാന സഹ പ്രചാർ പ്രമുഖും കേസരി പത്രാധിപരുമായ ഡോ.എൻ.ആർ.മധു പറഞ്ഞു.

ആർ.എസ്.എസിന്റെ വേദി പങ്കിടുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്ത കെ.എൻ.എ ഖാദറിന്റെ നടപടിയിൽ മുസ്ലീംലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. എന്നാൽ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു കെ.എൻ.എ ഖാദറിന്റെ നിലപാട്. ആശംസാ പ്രസംഗമാണ് നടത്തിയത്. മതസൗഹാർദ്ദത്തെക്കുറിച്ച് മാത്രമാണ് പ്രസംഗിച്ചത്. നാട്ടിൽ സംഘർഷവും വർഗീയതയും വർദ്ധിക്കുമ്പോൾ എല്ലാം മതസ്ഥരും തമ്മിൽ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തത്. അത് തെറ്റായി ചിത്രീകരിച്ച് ദുഷ്പ്രചാരണം നടത്തുകയാണെന്നും കെ.എൻ.എ ഖാദർ പറഞ്ഞു.

Advertisement
Advertisement