ജല - പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി

Thursday 23 June 2022 12:14 AM IST
water

കോഴിക്കോട്: ജല- പരിസ്ഥിതി പരിപാലനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന് കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദത്തിൽ തുടക്കമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. എം.കെ.ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെ മൂന്നു ദിവസങ്ങളിലായാണ് അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. .
സമഗ്രമായ ജല പരിപാലനത്തിനായി ആഗോള തലത്തിൽ തന്നെ വ്യത്യസ്തവും സമകാലീനവുമായ സമീപനങ്ങൾ പങ്കുവെയ്ക്കാനുള്ള വേദിയായി സമ്മേളനത്തെ മാറ്റാനാണ് ശ്രമം. ജലവിഭവ പരിപാലനം, ജല മലിനീകരണ പരിപാലന രംഗത്തെ നൂതന സാങ്കേതികവിദ്യകൾ, ഭൂഗർഗ ജല പരിപാലനം, തണ്ണീർതടങ്ങൾ, കാലവസ്ഥാ വ്യതിയാനം, നദീതടങ്ങൾ തുടങ്ങിയ പത്ത് വിഷയങ്ങളിൽ ചർച്ചകൾ നടക്കും. വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളും ഗവേഷണ വിദ്യാർത്ഥികളുടെ പ്രബന്ധാവതരണങ്ങളും ഉണ്ടായിരിക്കും.
ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി.ദത്തൻ, നീതി ആയോഗ് സീനിയർ അഡ്വൈസർ ഡോ. നീലംപട്ടേൽ, പ്രശസ്ത ജല ശാസ്ത്രഞ്ജൻ പ്രൊഫ. വിജയ് പി. സിംഗ്, കെ.എസ്.സി.എസ്.ടി.ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, സി.ഡബ്ല്യൂ.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.
നാളെ നടക്കുന്ന സമാപന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മേയർ ഡോ.ബീനാ ഫിലിപ്പ്, പി.ടി.എ. റഹിം എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement