പ്ളസ്ടു : ഇംപ്രൂവ്മെന്റിന് മൂന്നു വിഷയങ്ങൾ അനുവദിക്കണമെന്ന് ആവശ്യം
Wednesday 22 June 2022 10:52 PM IST
തിരുവനന്തപുരം: പ്ളസ്ടു പരീക്ഷ ഫലം വന്നതിനു പിന്നാലെ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കുള്ള വിഷയങ്ങളുടെ എണ്ണം ഒന്നിൽ നിന്നും മൂന്നായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും രംഗത്തെത്തി. കൊവിഡ് സാഹചര്യവും ഓഫ് ലൈൻ ക്ളാസുകളുടെ കുറവും പരിഗണിച്ച് മൂന്ന് വിഷയങ്ങൾ ഇംപ്രൂവ്മെന്റിന് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇക്കൊല്ലം പ്ളസ് ടുവിന്റെ ഓഫ് ലൈൻ ക്ളാസുകൾ 2021 നവംബർ ഒന്നിനാണ് ആരംഭിച്ചത്.
കഴിഞ്ഞ വർഷം കുട്ടികൾക്ക് കൊവിഡ് സാഹചര്യം പരിഗണിച്ച് ഫോക്കസ് ഏരിയ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. ഇക്കൊല്ലം അതുണ്ടായില്ല. അതിനാൽ ഇത്തവണ പ്രത്യേക സാഹചര്യമായി പരിഗണിച്ച് ഇംപ്രൂവ്മെന്റിന് മൂന്ന് വിഷയങ്ങൾ അനുവദിക്കണമെന്നാണ് അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.