പെൺകുട്ടികളുടെ വിവാഹം : സമസ്ത - ലീഗ് തുറന്ന പോരിൽ

Wednesday 22 June 2022 10:54 PM IST

@സി.ഐ.സിയിൽ നിന്ന് സമസ്ത പിൻമാറി

കോഴിക്കോട്: വഖഫ് ബോർഡ് വിവാദങ്ങൾ അടങ്ങും മുമ്പെ സമസ്തയും മുസ്ലീംലീഗും വീണ്ടും പരസ്യ ഏറ്റുമുട്ടലിലേക്ക്. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിൽ (സി.ഐ.സി) നിന്ന് സമസ്ത പിൻവാങ്ങി.

സി.ഐ.സിയുടെ അഞ്ച് വർഷത്തെ വഫിയ കോഴ്‌സിൽ പഠിക്കുന്ന പെൺകുട്ടികൾ കോഴ്‌സ് പൂർത്തിയാകുംവരെ വിവാഹം കഴിക്കരുതെന്നും വിവാഹിതരായാൽ പുറത്താക്കണമെന്നും കോളേജ് അധികൃതർ നിർദ്ദേശിച്ചതാണ് സമസ്തയെ ചൊടിപ്പിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും ഇത് തിരുത്തിയില്ല. അതിനാലാണ് സമസ്തയുടെ കേന്ദ്ര മുശാവറ യോഗ തീരുമാനപ്രകാരം സി.ഐ.സി.യിൽ നിന്ന് പിൻവാങ്ങിയതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ല്യാർ പറഞ്ഞു.

ലീഗിന്റെ ജമാഅത്തെ ഇസ്ലാമി - മുജാഹിദ് കൂട്ടുകെട്ടാണ് സമസ്തയുടെ നിലപാടിന് പിന്നിലെന്നാണ് വിവരം. വർഷങ്ങളായി തുടർന്ന അധികാര സ്ഥാനങ്ങൾ ഉപേക്ഷിച്ചുകൊണ്ടുള്ള സമസ്തയുടെ നിലപാടിൽ ലീഗ് നേതൃത്വവും അമ്പരപ്പിലാണ്. വഖഫ് വിഷയം മുതലിങ്ങോട്ട് സമസ്ത നേതാക്കൾ ലീഗ് നേതാക്കൾക്കെതിരെ നടത്തുന്ന പരസ്യ വിചാരണകൾ ലീഗിനെ ചൊടിപ്പിച്ച സാഹചര്യത്തിൽ ഇരുകൂട്ടരും പരസ്യ പോരിലേക്ക് നീങ്ങുകയാണ്.
കേരളത്തിൽ ഇസ്ലാമിക് കോളജുകളേയും മതപഠന കേന്ദ്രങ്ങളേയും നിയന്ത്രിക്കുന്ന സ്ഥാപനമാണ് സി.ഐ.സി. അദ്ധ്യക്ഷൻ ലീഗ് പ്രസിഡന്റാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനങ്ങളടക്കം സമസ്തയ്‌ക്കാണ്. സി.ഐ.സിയുടെ ഭരണഘടനാ ഭേദഗതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അക്കാഡമിക് പ്രവർത്തനങ്ങൾ, പാഠ്യപദ്ധതികൾ തുടങ്ങിയവ സമസ്തയുടെ വീക്ഷണവും നിർദ്ദേശങ്ങളും അനുസരിച്ചായിരിക്കണം. അത് ലംഘിക്കപ്പെട്ടതിനാലാണ് പിൻമാറ്റമെന്ന് സമസ്ത നേതാക്കൾ വിശദീകരിച്ചു.
ലീഗിന്റെ പ്രധാന ശക്തിയും വോട്ട് ബാങ്കുമാണ് സമസ്ത. വഖഫ് വിഷയമടക്കം ഉയർന്നപ്പോൾ ജമാഅത്തെ ഇസ്ലാമി- മുജാഹിദ് സംഘടനകളുമായി ലീഗ് കൂടുതൽ അടുത്തത് സമസ്തയെ അലോസരപ്പെടുത്തിയിരുന്നു. പലപ്പോഴും ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സമസ്തയെ പരസ്യമായി വിമർശിച്ചു. സാദ്ദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായശേഷം പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ ഒരുങ്ങുമ്പോഴാണ് സമസ്തയുടെ പിൻമാറ്റം.

Advertisement
Advertisement