സുരക്ഷയും സൗകര്യങ്ങളുമില്ലാതെ ഒാപ്പറേറ്റർമാർ, പരാതികളുടെ പമ്പ് ഹൗസ്

Thursday 23 June 2022 12:01 AM IST
പത്തനംതിട്ട പാമ്പൂരിപ്പാറ പമ്പ് ഹൗസിന്റെ കോൺക്രീറ്റ് അടർന്ന നിലയിൽ

പത്തനംതിട്ട : ജില്ലയിലെ വാട്ടർ അതോറിറ്റി പമ്പുഹൗസുകളിൽ ഭൂരിഭാഗവും തകർച്ചയുടെ വക്കിൽ. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യങ്ങളില്ലാതെ പമ്പ് ഹൗസ് ജീവനക്കാർ.

സുരക്ഷിതത്വമില്ലാതെ നൂറോളം ജീവനക്കാരാണ് പത്തനംതിട്ട, മല്ലപ്പള്ളി, തിരുവല്ല ഡിവിഷനുകളിൽ പകലും രാത്രിയിലുമായി പമ്പ് ഹൗസുകളിൽ ജോലി ചെയ്യുന്നത്. മിക്ക പമ്പ് ഹൗസുകൾക്കും നാൽപ്പത് വർഷത്തിലേറെ പഴക്കമുണ്ട്. ഒറ്റമുറി പമ്പ് ഹൗസിൽ മോട്ടോറുകളും ഇലക്ട്രിക് പാനൽ ബോർഡും കഴിഞ്ഞാൽ ജീവനക്കാർക്ക് വിശ്രമിക്കാൻ ഇടമില്ല. കാലഹരണപ്പെട്ട കെട്ടിടങ്ങളുടെ കോൺക്രീറ്റ് സ്ളാബുകൾ അടർന്ന നിലയിലാണ് പലയിടത്തും. കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തളളി നിൽക്കുന്നു. ഭിത്തികൾ വെടിച്ച് വേർപെട്ട് അപകട നിലയിലാണ്. മോട്ടോറുകളും പൈപ്പുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് നിന്ന് വെള്ളം ചോർന്ന് പമ്പ്ഹൗസുകളിൽ തളംകെട്ടി കിടക്കുന്നു. ബൾബുകൾ പ്രകാശിക്കാതായാൽ മാറ്റിയിടാൻ തുക അനുവദിക്കാറില്ല. പമ്പ് ഹൗസുകൾ പുനർനിർമ്മിച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ജീവനക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.

വിശ്രമ മുറിയില്ല, ആകെയുള്ളത് ഒടിഞ്ഞ കസേരകൾ

ജീവനക്കാർക്ക് വിശ്രമിക്കാൻ പമ്പ് ഹൗസുകളിൽ ഉള്ളത് ഒടിഞ്ഞ കസേരകൾ മാത്രം. ജീവനക്കാർ വീടുകളിൽ നിന്ന് കസേരകൾ കൊണ്ടുവന്നാണ് ഇരിക്കുന്നത്. പമ്പ് ഹൗസിൽ മോട്ടോറുകൾക്കും ഇലക്ട്രിക് പാനൽ ബോർഡിനും ഇടയിലാണ് വിശ്രമത്തിനുള്ള ഇരിപ്പിടം. കിടക്കാൻ കട്ടിൽ ഇല്ല. കാറ്റും വെളിച്ചവും കടക്കാത്ത മുറികളിലെ വീർപ്പുമുട്ടലിൽ നിന്ന് രക്ഷതേടി പലരും പുറത്താണ് വിശ്രമിക്കുന്നത്. കാറ്റും മഴയും ഉള്ളപ്പോൾ അകത്തു കയറിയിരിക്കും. ജീവനക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നടത്താൻ ഭൂരിഭാഗം പമ്പ് ഹൗസുകളിലും ടോയ്ലറ്റ് സൗകര്യമില്ല. രാത്രയിൽ ആറ്റുവക്കിലെ കുറ്റിക്കാടുകളാണ് ആശ്രയം. കാടും പടലും നീക്കാത്തതിനാൽ ഇവിടം ഇഴജീവികളുടെ വിഹാരകേന്ദ്രങ്ങളാണ്.

പകൽ സമീപ വീടുകളിൽ ആശ്രയം തേടും. പകലും രാത്രിയിലും പമ്പിംഗിനായി മോട്ടാേറുകൾ ഒാൺ ചെയ്യുകയെന്നതാണ് പമ്പ് ഹൗസ് ജീവനക്കാരുടെ ജോലി.

'' പമ്പ് ഹൗസുകളിൽ മോട്ടോർ പുരയല്ലാതെ ജീവനക്കാർക്ക് വിശ്രമിക്കാൻ ഇടമില്ല. പല പമ്പ് ഹൗസുകളും കാലപ്പഴക്കം കൊണ്ട് തകർച്ചയുടെ വക്കിലാണ്. അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് പലയിടത്തും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

പമ്പ് ഹൗസ് ജീവനക്കാർ.

Advertisement
Advertisement