ശബരിമല: വെർച്വൽ ക്യൂ ബോ‌ർഡ് ഏറ്റെടുക്കും

Thursday 23 June 2022 12:25 AM IST

തിരുവനന്തപുരം; കൊവിഡ് പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിച്ച് തീർത്ഥാടനം സുഗമമാക്കുന്നതിന് സർക്കാർ ശബരിമലയിൽ ഏർപ്പെടുത്തിയ വെർച്വൽ ക്യൂ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കും. തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകില്ലെന്നും പ്രസിഡന്റ് കെ. അനന്തഗോപൻ വ്യക്തമാക്കി.

ഓൺലൈൻ ബുക്കിംഗിനൊപ്പം വിവിധയിടങ്ങളിൽ സ്പോട്ട് രജിസ്ട്രേഷനും തുടങ്ങും. കൊവിഡ് സ‌ർട്ടിഫിക്കറ്റോ,വാക്സിൻ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതില്ല.

തിരിച്ചറിയൽ രേഖ വിനിയോഗിച്ച് രജിസ്റ്റർ ചെയ്യാം. അതേസമയം ,കൊവിഡ് വ്യാപന തുടരുന്ന പശ്ചാത്തലമുണ്ടായാൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും 18ാം പടിക്ക് മുകളിലായി നിർമ്മിക്കുന്ന ഓട്ടോമാറ്റിക് മേൽക്കൂരയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

 പമ്പയിൽ അലങ്കാര ഗോപുരം

പമ്പയിൽ അലങ്കാര ഗോപുരം നിർമ്മിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഒന്നരക്കോടിയുടെ പദ്ധതി അംഗീകാരത്തിനായി ഹൈക്കോടതിയിൽ സമർപ്പിക്കും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യവും ഇൻഫർമേഷൻ സെന്ററും സ്ഥാപിക്കും. ഹിൽടോപ്പിൽ നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തേക്ക് പാലവും നിർമ്മിക്കുന്നുണ്ട്. 165 മീറ്റർ പാലത്തിന് 15

കോടിയാണ് ചെലവ് .