'സംവാദവേദികളെ ഇല്ലാതാക്കരുത്: തപസ്യ

Friday 24 June 2022 12:31 AM IST
thapasya

കോഴിക്കോട്: ആശയ ഭിന്നതയും വ്യത്യസ്ത നിലപാടും ഉള്ളവരുടെ ഒത്തുചേരലിന് അയിത്തം കൽപ്പിക്കുകയും സംവാദ വേദികളെ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണത സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്ന് തപസ്യ കലാസാഹിത്യ വേദി. കോഴിക്കോട്ട് ഒരു മാദ്ധ്യമ സ്ഥാപനം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിൽ മുസ്ലീംലീഗ് നേതാവ് കെ.എൻ.എ.ഖാദർ പങ്കെടുത്തതിനെ വിവാദമാക്കിയവരും എതിർത്തവരും തടയാൻ ശ്രമിക്കുന്നത് സമൂഹത്തിലെ സംവാദ സാദ്ധ്യതകളെയും സമവായ ശ്രമങ്ങളെയുമാണ്. കെ.എൻ.എ. ഖാദറിനെതിരായ നീക്കം തീവ്രമതനിലപാടുള്ള ചില സംഘടനകളും ചില മാദ്ധ്യമങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. ബുദ്ധപ്രതിമയുടെ അനാച്ഛാദനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ സാമൂഹ്യസൗഹാർദ്ദവും പ്രകൃതിസ്‌നേഹവും വിവിധ മതദർശനങ്ങളുടെ മാഹാത്മ്യവുമാണുള്ളത്. സാംസ്‌കാരിക സമന്വയം തടയിടാനാണ് വിവാദമാക്കിയവർ ശ്രമിച്ചതെന്നും തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസും ജനറൽ സെക്രട്ടറി അനൂപ് കുന്നത്തും പ്രസ്താവനയിൽ പറഞ്ഞു.