ബ്രിട്ടീഷ് നാണയപ്പെരുപ്പം 40 വർഷത്തെ ഉയരത്തിൽ

Friday 24 June 2022 2:38 AM IST

ലണ്ടൻ: ബ്രിട്ടന്റെ നാണയപ്പെരുപ്പം മേയിൽ 40 വർഷത്തെ ഉയരമായ 9.1 ശതമാനത്തിലെത്തി. ഏപ്രിലിൽ 9 ശതമാനമായിരുന്നു. രണ്ടും 1982ന് ശേഷമുള്ള ഏറ്റവും ഉയരമാണ്. റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ഭക്ഷ്യോത്‌പന്നങ്ങൾ,​ പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയുടെ വില നിയന്ത്രണാതീതമായി കൂടിയതാണ് ബ്രിട്ടനും തിരിച്ചടിയായത്.

ആഗോളതലത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും നാണയപ്പെരുപ്പെ കുതിപ്പിന്റെ കെടുതിയിലാണ്. ഒക്‌ടോബറോടെ നാണയപ്പെരുപ്പം 11 ശതമാനം കടക്കുമെന്നാണ് കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെ വിലയിരുത്തൽ. അമേരിക്കയുടെ നാണയപ്പെരുപ്പം മേയിൽ 1981ന് ശേഷമുള്ള ഏറ്റവും ഉയരമായ 8.1 ശതമാനത്തിൽ എത്തിയിരുന്നു.

നാണയപ്പെരുപ്പം പിടിച്ചുകെട്ടാൻ കേന്ദ്രബാങ്കുകൾ പലിശനിരക്ക് കൂട്ടുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്. ബാങ്ക് ഒഫ് ഇംഗ്ളണ്ടും അമേരിക്കയുടെ ഫെഡറൽ റിസർവും ഇന്ത്യയുടെ റിസർവ് ബാങ്കുമെല്ലാം ഇതിനകം ഒന്നിലേറെത്തവണ ഈവർഷം പലിശ കൂട്ടിക്കഴിഞ്ഞു.