ചെരുപ്പിടാതെ നടന്ന് നാരായണി ടീച്ചർ, വിദ്യാദാനത്തിന് ആര നൂറ്റാണ്ട്  

Friday 24 June 2022 12:00 AM IST
നഗ്നപാദയായി നാരായണി ടീച്ചറുടെ യാത്ര

കാസർകോട്: ടീച്ചർ എന്നുമാത്രം പറഞ്ഞാൽ ചെറുവത്തൂരിലെ ജനങ്ങൾക്ക് അത് നാരായണി ടീച്ചർ ആണ്. 50 വർഷമായി ചെരുപ്പിടാതെ നാട്ടിലെമ്പാടും നടന്ന് വീടുകൾ കയറിയിറങ്ങി കുട്ടികൾക്ക്‌ വിദ്യയുടെ വെളിച്ചം പകരുകയാണ് നാരായണി.

കാസർകോട് ചെറുവത്തൂരിലെ വാടക വീട്ടിൽ നിന്ന് പുലർച്ചെ നാലരയ്ക്ക് കുടയും ബാഗുമായി യാത്രതുടങ്ങും. മാണിയാട്ടുള്ള വിദ്യാർത്ഥിയുടെ വീട്ടിലെത്തുമ്പോൾ ആറര മണി. അവിടെനിന്ന് ചന്തേരയിലേക്കും കാലിക്കടവിലേക്കും നീലേശ്വരത്തേക്കും കടപ്പുറത്തേക്കും നടത്തം. വീട്ടിൽ തിരിച്ചെത്തുന്നത് ഇരുട്ട് വീഴുമ്പോൾ. കൊവിഡ് കാലത്ത് കൂടുതൽ സമയമെടുത്ത് കുട്ടികളെ പഠിപ്പിച്ചിരുന്നു.

പണ്ടത്തെ പത്താം ക്ലാസുകാരിയാണ് നാരായണി. മലയാളം,​ സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ ലളിതമായി പഠിപ്പിക്കും.പതിനഞ്ചാം വയസിൽ ട്യൂഷൻ സഞ്ചാരം തുടങ്ങിയതാണ്. ഇപ്പോൾ 65 വയസ്. വീട്ടാവശ്യത്തിനുൾപ്പെടെ എല്ലാ യാത്രകളും ചെരുപ്പിടാതെ നടന്നുതന്നെ.

താമസം വാടക വീട്ടിൽ. സ്വന്തമായി ഭൂമിയില്ല. ഹോട്ടൽ തൊഴിലാളിയായിരുന്ന ഭ‌ർത്താവ് ദാമോദരൻ കിടപ്പ് രോഗി. മക്കളില്ല. കുട്ടികളുടെ രക്ഷിതാക്കൾ അറിഞ്ഞു നൽകുന്ന പ്രതിഫലമാണ് വരുമാനം. മരുന്ന് വാങ്ങാനും നിത്യവൃത്തിക്കും മറ്റ് വഴിയില്ല.

ശിഷ്യരിൽ കാവ്യാമാധവനും

കാവ്യാമാധവൻ ഉൾപ്പെടെ നിരവധി പ്രമുഖരുണ്ട് ടീച്ചറുടെ ശിഷ്യഗണത്തിൽ. ഡോക്ടർമാരും എം.ബി.ബി.എസ് വിദ്യാർത്ഥികളുമുണ്ട്. ഗൾഫിൽ വലിയ നിലയിലുള്ള ശിഷ്യൻ മക്കളെ പഠിപ്പിക്കാൻ ടീച്ചറെ ഗൾഫിലും കൊണ്ടുപോയിട്ടുണ്ട്. വൈകല്യമുള്ള ഒരു കുട്ടിയെ ഹിന്ദി പഠനത്തിൽ ഒന്നാമതെത്തിച്ചു.

ചെരുപ്പിടാത്തത് നേർച്ച

വർഷം തോറും പാൽക്കാവടിയേന്തി പഴനിയിൽ മലകയറി ആണ്ടവനെ തൊഴാറുണ്ട്. നാട്ടിൽ കാവടി സഞ്ചാരവുമുണ്ട്. ചെരുപ്പ് ധരിക്കാത്തത് പഴനിയിലെ വ്രതത്തിന്റെ ഭാഗമായാണ്. വിഷുസംക്രമ ദിവസമാണ് ടീച്ചറുടെ ജന്മദിനം. അന്ന് ടീച്ചർ പഴനിയിലെത്തും. ട്രെയിനിലാണ് യാത്ര.

Advertisement
Advertisement