ഇഷ്ടമാകും റമ്പൂട്ടാൻ

Friday 24 June 2022 12:10 AM IST

പത്തനംതിട്ട : മലയോ‌രത്തിന് റമ്പൂട്ടാൻ കാലമാണ്. എങ്ങോട്ട് തിരിഞ്ഞാലും ചുവന്ന് തുടുത്ത് റമ്പൂട്ടാൻ പഴങ്ങൾ. മഞ്ഞ നിറത്തിലുണ്ടെങ്കിലും ചുവപ്പിനാണ് പ്രിയം. മിക്ക വീടുകളിലും വലയിട്ട് കച്ചവടമുറപ്പിച്ചിരിക്കുകയാണ്. പാകമാകുമ്പോൾ കച്ചവടക്കാർ വന്ന് ശേഖരിച്ച് കൊണ്ടുപോകും. കിലോയ്ക്ക് 200 മുതൽ 400 രൂപ വരെ പാതയോരങ്ങളിൽ വില്പനയ്ക്കുണ്ട്.

മുൻ വർഷങ്ങളിൽ കൊവിഡ്, നിപ തുടങ്ങിയവ കാരണം റമ്പൂട്ടാൻ വില വലിയതോതിൽ ഇടിഞ്ഞിരുന്നു. വവ്വാലുകളുടെ ആഹാരമായ റമ്പൂട്ടാൻ കഴിച്ചാൽ രോഗം വരുമെന്ന ഭീതിയിലായിരുന്നു ജനങ്ങൾ. വില പറഞ്ഞ് കച്ചവടം ഉറപ്പിച്ചവർ പോലും അന്ന് വിളവെടുക്കാൻ എത്താതിരുന്നത് റമ്പൂട്ടാൻ കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇത്തവണയാണ് അതിന് മാറ്റം വന്നത്. വിളവെടുക്കാൻ 6000 രൂപ മുതൽ 15,000 രൂപ വരെ ലഭിക്കുന്ന മരങ്ങൾ നിലവിലുണ്ട്.

വെറും പഴവർഗമായിട്ട് മാത്രമല്ല റമ്പൂട്ടാൻ ഇപ്പോൾ ഉപയോഗിക്കുന്നത്. വീട്ടമ്മമാർ റംമ്പൂട്ടാൻ അച്ചാറും പഴകടക്കാർ റമ്പൂട്ടാൻ ജ്യൂസും നിർമ്മിച്ചുതുടങ്ങി.

റമ്പൂട്ടാൻ വില : കിലോയ്ക്ക് 200 മുതൽ 400 രൂപ വരെ

മലേഷ്യൻ ഫലമായ റമ്പൂട്ടാൻ ഡിസംബർ - ഫെബ്രുവരി മാസത്തിലാണ് പൂവിടുന്നത്. മേയ് - ജൂലായ് മാസത്തിലാണ് വിളവെടുക്കുന്നത്.

Advertisement
Advertisement