ക്രൈം മാപ്പിംഗ് സർവ്വേയുമായി കുടുംബശ്രീ

Friday 24 June 2022 12:23 AM IST

കൊച്ചി: കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി കുടുംബശ്രീ നടത്തുന്ന ക്രൈം മാപ്പിംഗ് സർവ്വേ പൂർത്തീകരണത്തിലേക്ക്. ഏഴുതരം കുറ്റകൃത്യങ്ങൾ കേന്ദ്രീകരിച്ചാണ് ക്രൈംമാപ്പിംഗ്.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തിലേയും ഒരു സി.ഡി.എസിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെ 152 ബ്ലോക്കുകളിൽ സർവേ പൂർത്തിയായി. ഡാറ്റ ക്രോ‌ഡീകരിക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ശേഷം ഇതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തും. ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളോട് പ്രത്യേക സമീപനം വേണമെങ്കിൽ സർ‌ക്കാരിനെ സമീപിച്ച് അതിനുള്ള നടപടികളെടുക്കും.

കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണ്ടെത്തി അവ തടയുന്നതിനുള്ള ശ്രമമാണ് ഇതിനുപിന്നിൽ. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലം, സന്ദർഭം എന്നിവ കണ്ടെത്തി ആ സാഹചര്യം വിലയിരുത്തി കുറ്റകൃത്യം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായാണ് പ്രത്യേകം പരിശീലനം നേടിയവർ വിശദമായ സർവേ നടത്തുന്നത്.

തുടക്കത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ച് പ്രശ്‌നങ്ങൾ രേഖപ്പെടുത്തും. സ്ത്രീകളായിരിക്കും ആദ്യഘട്ടത്തിൽ സർവേ നടത്തുന്നത്. വ്യക്തികളുടെ പ്രശ്നങ്ങൾക്ക് പുറമേ ഓരോ വാർഡുകളിലെയും പ്രശ്‌ന സാദ്ധ്യതാ പ്രദേശങ്ങളും കണ്ടെത്തും. വിവരങ്ങൾ ക്രോഡീകരിച്ച് തദ്ദേശസ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യും. ആവശ്യമെങ്കിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തും. ഗാർഹിക പീഡനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ധാരണയില്ലാത്ത സ്ത്രീകൾക്ക് പ്രത്യേക ബോധവത്ക്കരണവും നടത്തും.

 ക്രൈം മാപ്പിംഗ്

സ്ത്രീപക്ഷ നവകേരള പദ്ധതിയുടെ ഭാഗം. കുറ്റകൃത്യങ്ങൾ ഉണ്ടാകാനിടയുള്ള വീടുകളും പ്രദേശങ്ങളും കണ്ടെത്തി മുൻകരുതൽ സ്വീകരിക്കലാണ് ലക്ഷ്യം.

 പരിശോധിക്കുന്ന കുറ്റങ്ങൾ

മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം (വീടിനുള്ളിലും പുറത്തും), സാമൂഹികം, വാചികം

Advertisement
Advertisement