വല്ലാർപാടത്തമ്മയുടെ ചിത്രസംരക്ഷണം പൂർത്തിയായി

Friday 24 June 2022 12:24 AM IST

കൊച്ചി: വല്ലാർപാടം ബസിലിക്കയുടെ പ്രധാന അൾത്താരയിലെ പുരാതന പോർച്ചുഗീസ് ഛായാചിത്രം പൗരാണികത നിലനിറുത്തി ശാസ്ത്രീയമായി സംരക്ഷിക്കുന്ന ജോലികൾ പൂർത്തിയായി. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗലിൽ നിന്ന് മിഷനറിമാർ കൊണ്ടുവന്ന വിമോചകനാഥ എന്നറിയപ്പെടുന്ന വല്ലാർപാടത്തമ്മയുടെ ചിത്രമാണിത്. 95 സെന്റീമീറ്റർ ഉയരവും 75 സെന്റിമീറ്റർ വീതിയുമുള്ള ഒറ്റമരപ്പലകയിൽ ഓയിൽ പെയിന്റിലാണ് ചിത്രം. 500ലേറെ വർഷങ്ങളുടെ പഴക്കം ചിത്രത്തിന് വരുത്തിയ കേടുപാടുകളാണ് ശാസ്ത്രീയരീതികൾ ഉപയോഗിച്ച് പരിഹരിക്കുന്നത്.

ചിത്രം വല്ലാർപാടം പള്ളിയിൽ സ്ഥാപിച്ചതിന്റെ അഞ്ഞൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സംരക്ഷണ പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് റെക്ടർ ഫാ.ആന്റണി വാലുങ്കൽ അറിയിച്ചു. വരാപ്പുഴ അതിരൂപത ആർട്ട് ആൻഡ് കൾച്ചറൽ കമ്മിഷൻ ഡയറക്ടർ ഫാ. അൽഫോൺസ് പനക്കലിന്റെ മേൽനോട്ടത്തിൽ കലാസംരക്ഷണ വിദഗ്ദ്ധനായ സത്യജിത് ഇബ്ൻ, പൂനയിലെ സപൂർസ മ്യൂസിയം കൺസർവേറ്റർ ശ്രുതി ഹഖേകാർ എന്നിവരാണ് സംരക്ഷണ ജോലികൾ നിർവഹിച്ചത്.

Advertisement
Advertisement