പാച്ചിൽ അരുത്, സ്കൂൾ കുട്ടികളാണ് !

Friday 24 June 2022 12:26 AM IST

തൃക്കാക്കര: സ്കൂൾകുട്ടികളെ കയറ്റിയ വാഹനങ്ങൾ നിയമലംഘനം തുടരുമ്പോഴും അധികൃതർക്ക് നിസ്സംഗത. ജില്ലയിലെ പലഭാഗത്തും കുട്ടികളെ കുത്തിനിറച്ച് സ്വകാര്യവാഹനങ്ങൾ പായുമ്പോഴും ആവശ്യത്തിന് പരിശോധന നടത്താൻ മോട്ടോർവാഹന വകുപ്പിനും പൊലീസിനും കഴിയുന്നില്ല. സ്കൂളുകൾ നേരിട്ട് സർവീസ് നടത്തുന്ന വാഹനങ്ങളിലുൾപ്പെടെ അനുവദനീയമായതിന്റെ ഇരട്ടിയിലധികം കുട്ടികളെ കയറ്റുന്നതായി പരാതിയുണ്ട്.

സ്കൂളുകളുമായി ബന്ധപ്പെട്ട് കരാർ വ്യവസ്ഥയിൽ ഓടുന്ന വാഹനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളും നിയമലംഘനത്തിൽ ഒട്ടും പിന്നിലല്ല. ആറു കുട്ടികളെ കയറ്റാനുള്ള അനുമതിയേ ഓട്ടോറിക്ഷകൾക്കുള്ളു. എന്നാൽ,പലതിലും 12 മുതൽ 15 വരെ കുട്ടികളെയാണ് കയറ്റുന്നത്. ഡ്രൈവറോടൊപ്പം കുട്ടികളെ ഇരുത്താൻ പാടില്ലെന്ന നിയമവും ലംഘിക്കപ്പെടുകയാണ്.

ബസുകൾക്ക് മികച്ച കാര്യക്ഷമത ഉണ്ടായിരിക്കണമെന്നും ഡ്രൈവറെ കൂടാതെ മറ്റൊരാൾ സഹായത്തിനുണ്ടാകണമെന്നുമാണ് നിയമം. സ്കൂളുകൾ നേരിട്ട് സർവീസ് നടത്തുന്ന ബസുകൾ ഒരുപരിധിവരെ നിയമം പാലിക്കുമ്പോൾ കരാർ അടിസ്ഥാനത്തിൽ ഓടുന്നവ നിയമം ലംഘിക്കുകയാണ്. ഡ്രൈവർ മാത്രമാണ് ഇത്തരം വാഹനത്തിൽ പലപ്പോഴും ഉണ്ടാവുക. കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹന ഉടമകൾ ഈടാക്കുന്നത്. അതിനാൽ തന്നെ ഭൂരിഭാഗം വാഹങ്ങളിലും ഇരട്ടിയിലധികം കുട്ടികളെ കയറ്റുന്നുണ്ട്. സ്കൂൾ ബസുകളുടെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററെന്നതും ലംഘിക്കപ്പെടുന്നു.

 സ്കൂൾ അധികൃതരോട് പരാതി പറഞ്ഞാൽ പോലും നടപടി സ്വീകരിക്കുന്നില്ല.ഭൂരിഭാഗം രക്ഷിതാക്കളും മറ്റ് വഴികളിലാത്തതിനാലാണ് ഇത്തരം വാഹനങ്ങളെ ആശ്രയിക്കുന്നത്.

വിജീഷ് നമ്പിള്ളി
രക്ഷിതാവ്

 കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോൾ ഉണ്ടാവുന്ന ചെറിയ അപകടങ്ങൾക്ക് പോലും വലിയ വിലകൊടുക്കേണ്ടിവരും. സ്കൂൾ ബസുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല.കൃത്യമായി പരിശോധന നടത്തേണ്ടത് ആവശ്യമാണ്.

ആർ.രാജേഷ്

 സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചു പരിശോധന കർശനമാക്കും. സ്കൂൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.

ജി.അനന്തകൃഷ്ണൻ
എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ

Advertisement
Advertisement