ജൂൺ 25 , ടെസ്റ്റിന് 90; ലോകകപ്പിന് 39

Thursday 23 June 2022 11:31 PM IST

ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യ ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയിട്ട് ജൂൺ 25ന് 90 വർഷം തികയുന്നു

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ സുവർണമുഹൂർത്തത്തിന് 90 വയസ് തികയുകയാണ് നാളെ. ഒൗദ്യോഗികമായി ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയിട്ട് ഒൻപത് പതിറ്റാണ്ടുകൾ പൂർത്തിയാവുന്നു. 1932 ജൂൺ 25ന് ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോഡ്സിൽ ഇംഗ്ളണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം തുടങ്ങിയത്. 28ന് അവസാനിച്ച മത്സരത്തിൽ ഇന്ത്യ 158 റൺസിന് തോറ്റെങ്കിലും ചരിത്രത്തിന്റെ പുസ്തകത്തിൽ സുവർണ ലിപികളിലാണ് ഈ മത്സരം എഴുതപ്പെട്ടിരിക്കുന്നത്.

ചരിത്രം ഇങ്ങനെ

ഇംഗ്ളീഷുകാരുടെ വരവോടെയാണ് ക്രിക്കറ്റ് ഇന്ത്യയിലെത്തിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുംമുന്നേ പല പ്രവിശ്യകളിലും ഈ കളി വേരുപിടിച്ചിരുന്നു. പലയിടത്തും രാജാക്കന്മാരായിരുന്നു മുഖ്യ കളിക്കാർ. 1911ൽ ഇന്ത്യയിൽ നിന്ന് ഒരു സംഘം ഇംഗ്ളണ്ടിലേക്ക് ക്രിക്കറ്റ് കളിക്കാൻ പോയിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് രാജ്യമെന്ന പദവി ലഭിക്കുന്നത് 1932ലായിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് പോർബന്തർ രാജാവി​ന്റെ നേതൃത്വത്തി​ൽ ഇന്ത്യയുടെ ഒൗദ്യോഗി​ക സംഘം ആൾ ഇന്ത്യ ടീം എന്ന പേരിൽ ഇംഗ്ളണ്ട് പര്യടനത്തി​ന് തി​രി​ച്ചത്. കളി​ക്കളത്തി​ൽ ഇന്ത്യൻ ടീമി​നെ നയി​ച്ചത് സൈന്യത്തി​ൽ കേണലായി​രുന്ന സി​.കെ നായ്ഡുവാണ്. ടെസ്റ്റ് പദവി ലഭിക്കുന്ന ആറാമത്തെ രാജ്യമായിരുന്നു ഇന്ത്യ.ത്രിദിന ടെസ്റ്റ് മത്സരമായിരുന്നു അന്ന് ഉണ്ടായിരുന്നത്.

ലോഡ്സിൽ ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്ടൻ ജാർദീൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 105.1 ഓവർ ബാറ്റുചെയ്ത ഇംഗ്ളണ്ട് ആദ്യ ഇന്നിംഗ്സിൽ 259ന് ആൾഒൗട്ടായി. ക്യാപ്ടൻ ജാർദീൻ 79 റൺസടിച്ച് ടോപ്‌ സ്കോററായി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് നിസാർ 93 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 93ഓവറിൽ 189 റൺസിൽ അവസാനിച്ചു. 40 റൺസടിച്ച ക്യാപ്ടൻ സി.കെ നായ്ഡുവിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഇംഗ്ളണ്ടിന് വേണ്ടി ഡബ്ളിയു.ഇ ബൗസ് 49 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

70 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് 275/8 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു.ജാർദീൻ രണ്ടാം ഇന്നിംഗ്സിലും അർദ്ധസെഞ്ച്വറി (85)നേടി.ജഹാംഗീർ ഖാൻ 60 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

345 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 187 റൺസിനാണ് ആൾഒൗട്ടായത്.ലദ്ധാഭായ് അമർസിംഗ് 51 റൺസ് നേടി ടോപ് സ്കോററായി.ഡബ്ളിയു.ആർ ഹാമ്മോണ്ട് ഒൻപത് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

37

ഒരേയൊരു ടെസ്റ്റ് മാത്രമാണ് പര്യടനത്തിൽ ഉണ്ടായിരുന്നത്.എന്നാൽ 1932 ഏപ്രിൽ 29 മുതൽ സെപ്തംബർ 10വരെ നീണ്ട പര്യടനത്തിൽ 26 ഫസ്റ്റ് ക്ളാസ് മത്സരങ്ങളടക്കം 37 മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണം മഴ കാരണം ഉപേക്ഷിച്ചു. ഒൻപത് ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ ഇന്ത്യൻ സംഘം ജയിച്ചു.ഒൻപതെണ്ണം സമനിലയിലായി. എട്ടെണ്ണത്തിൽ തോറ്റു. അഞ്ചരമാസത്തോളം നീണ്ട പര്യടനത്തിന് ശേഷം പലരും പരിക്കുകളോടെയാണ് മടങ്ങിയെത്തിയത്.

ആദ്യ ഇന്ത്യൻ ടെസ്റ്റ് ടീം

1.പോർബന്തർ രാജാവ്

2.കെ.എസ്.ജി ലിംബിഡി

3.സി.കെ നായ്ഡു

4.അമർ സിംഗ്

5.സൊറാബ്ജി കോള

6.ഗുലാം മുഹമ്മദ്

7.ശങ്കാരു ഗൊഡാംബെ

8.ജഹാംഗീർ ഖാൻ

9.ജോഗീന്ദർ സിംഗ്

10.ബഹാദുർ കാപഡിയ (വിക്കറ്റ് കീപ്പർ)

11.ലാൽ സിംഗ്

12.നരിമാൻ മാർഷൽ

13.മുഹമ്മദ് നിസാർ

14.നവോമൽ ജിയോമൽ

15.ജനാർദൻ നവ്‌ളെ(വിക്കറ്റ് കീപ്പർ)

16.എസ്.നസീർ അലി

17.ഫിറോസ് പാലിയ

18. വാസിർ അലി

562 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇതിനകം കളിച്ചത്.ഇതിൽ 168 വിജയങ്ങൾ.173 തോൽവികൾ.220 സമനിലകൾ.ഒരു ടൈ.

130 ഇംഗ്ളണ്ടിനെതിരെയാണ് ഇന്ത്യ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിച്ചിട്ടുള്ളത്.ആസ്ട്രേലിയയ്ക്ക് എതിരെയും (102) നൂറിലേറെ ടെസ്റ്റുകൾ കളിച്ചു.

10 രാജ്യങ്ങൾക്ക് എതിരെ ഇന്ത്യ ടെസ്റ്റ് കളിച്ചിട്ടുണ്ട്.

1952ൽ ഇംഗ്ളണ്ടിനെതിരെ ചെന്നൈയിൽ വച്ചാണ് ആദ്യ ടെസ്റ്റ് വിജയം നേടിയത്. തൊട്ടടുത്ത വർഷം പാകിസ്ഥാനെതിരെ ആദ്യ പരമ്പര വിജയം നേടി.

200 ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചത് സച്ചിൻ ടെൻഡുൽക്കറാണ്. 15921 റൺസും സച്ചിൻ നേടി.

കപിലും സംഘവും ആദ്യ ലോകകപ്പ് നേടിയിട്ട് 39 വർഷം തികയുന്നു

ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ജൂൺ 25 ഇന്ത്യൻ ക്രിക്കറ്റിന് മറ്റൊരു സന്തോഷ ദിവസം കൂടിയാണ്. ഇന്ത്യ ആദ്യമായി ഒരു ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്നത് 1983 ജൂൺ 25നാണ്. ലോഡ്സ് തന്നെയായിരുന്നു ആ സുന്ദര മുഹൂർത്തത്തിന്റെയും വേദി. അന്ന് ലോക ക്രിക്കറ്റിൽ മുടിചൂടാമന്നന്മാരായി വിരാജിച്ചിരുന്ന വെസ്റ്റ് ഇൻഡീസിനെ 43 റൺസിന് തോൽപ്പിച്ചാണ് കപിലിന്റെ ചെകുത്താന്മാർ ചരിത്രമെഴുതിയത്.

ലോകകപ്പിലെ കളി

അതിന് മുമ്പ് ലോകകപ്പിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യൻ ടീം ഇംഗ്ളണ്ടിലെത്തുമ്പോൾ ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 1983 ജൂൺ 9ന് നടന്ന ആദ്യമത്സരത്തിൽ 34 റൺസിന് വിൻഡീസിനെ അട്ടിമറിച്ചതോടെ കപിലും കൂട്ടരും ആത്മവിശ്വാസം നേടിയെടുത്തു. അടുത്ത മത്സരത്തിൽ അഞ്ചുവിക്കറ്റിന് സിംബാബ്‌വെയെയും ഇന്ത്യ തോൽപ്പിച്ചു. എന്നാൽ തുടർന്ന് ആസ്ട്രേലിയയോട് തോറ്റു. പിന്നാലെ ഗ്രൂപ്പിലെ രണ്ടാം വട്ട ഏറ്റുമുട്ടലിൽ വിൻഡീസും തോൽപ്പിച്ചതോടെ ഇന്ത്യയുടെ സെമിപ്രവേശനം തുലാസിലായി. തുടർന്ന് സിംബാബ്‌വെയെ 31 റൺസിന് തോൽപ്പിക്കാനായത് തിരിച്ചുവരവിന് തുടക്കമിട്ടു.ഈ മത്സരത്തിൽ ആദ്യ ബാറ്റിംഗിനിറങ്ങി 17/5 എന്ന നിലയിൽ പതറിയ ഇന്ത്യയെ 266/8 എന്ന സ്കോറിലെത്തിച്ചത് 138 പന്തുകളിൽ 16 ഫോറും 6 സിക്സുമടക്കം പുറത്താകാതെ 175 റൺസടിച്ച ക്യാപ്ടൻ കപിൽ ദേവിന്റെ ഇന്നിംഗ്സാണ്. അടുത്ത മത്സരത്തിൽ ആസ്ട്രേലിയയെ 118 റൺസിന് തോൽപ്പിച്ചതോടെ ഇന്ത്യ സെമിയിലെത്തി. സെമിയിൽ ആതിഥേയരായ ഇംഗ്ളണ്ടിനെ കീഴടക്കിയത് ആറുവിക്കറ്റിനായിരുന്നു.

1983 ജൂൺ 25ന് ലോഡ്സിൽ വിൻഡീസിനെതിരായ ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 52 ഓവറിൽ 183 റൺസിന് ആൾഒൗട്ടായി. കൃഷ്ണമാചാരി ശ്രീകാന്ത്(38),മൊഹീന്ദർ അമർനാഥ്(26), സന്ദീപ് പാട്ടീൽ (27)എന്നിവരാണ് ഇന്ത്യൻ ബാറ്റിംഗിൽ പൊരുതിനോക്കിയത്. വിൻഡീസിനായി ആൻഡി റോബർട്ട്സ് മൂന്ന് വിക്കറ്റുകളും മൈക്കേൽ ഹോൾഡിംഗ്,മാൽക്കം മാർഷൽ,ലാറി ഗോമസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടിക്കിറങ്ങിയ വിൻഡീസിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയാണ് ഇന്ത്യ കിരീടത്തിലെത്തിയത്. ബൽവീന്ദർ സന്ധു ഗോർഡൻ ഗ്രീനിഡ്ജിനെ (1) വീഴ്ത്തി ആദ്യ പ്രഹരം നൽകിയപ്പോൾ ഡെസ്മണ്ട് ഹെയ്നൻസ്(13),ലാറി ഗോമസ് (5),വിവിയൻ റിച്ചാർഡ്സ് (33) എന്നിവരെ പുറത്താക്കി മദൻ ലാൽ വിജയത്തിന് നങ്കൂരമിട്ടു.തകർച്ചയിൽ നിന്ന് തിരിച്ചുവരവിന് ശ്രമിച്ച ജെഫ് ഡുജോണിനെയും (25),മാൽക്കം മാർഷലിനെയും (18) പുറത്താക്കിയ മൊഹീന്ദർ അമർനാഥ് 52-ാം ഓവറിൽ മൈക്കേൽ ഹോൾഡിംഗിനെ എൽ.ബിയിൽ കുരുക്കി ഇന്ത്യയെ ചരിത്ര നേട്ടത്തിലെത്തിച്ചു. മൊഹീന്ദറാണ് മാൻ ഒഫ് ദ ഫൈനലായത്.

ലോകകപ്പ് നേടിയ ഇന്ത്യൻ ടീം

കപിൽ ദേവ്(ക്യാപ്ടൻ),മൊഹീന്ദർ അമർനാഥ്(വൈസ് ക്യാപ്ടൻ),കീർത്തി ആസാദ്,റോജർ ബിന്നി,സുനിൽ ഗാവസ്കർ, സെയ്ദ് കിർമാനി(വിക്കറ്റ് കീപ്പർ),മദൻ ലാൽ,സന്ദീപ് പാട്ടീൽ,സന്ധു,യശ്പാൽ,രവി ശാസ്ത്രി,ശ്രീകാന്ത്,സുനിൽ വാസൻ,ദിലിപ് വെംഗ്സാർക്കർ

2011

ലാണ് പിന്നീട് ഇന്ത്യ ഏകദിന ലോകകപ്പ് നേടുന്നത്. മഹേന്ദ്രസിംഗ് ധോണിയായിരുന്നു ക്യാപ്ടൻ. ഫൈനലിൽ തോൽപ്പിച്ചത് ശ്രീലങ്കയെ. 2007ൽ പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീടവും ധോണി ഇന്ത്യയ്ക്ക് സമ്മാനിച്ചു.

Advertisement
Advertisement