അമ്പതിൽ അടിതെറ്റി 'ആന്ധ്ര ജയ'

Friday 24 June 2022 12:06 AM IST

 വില്പന ഇടിയുന്നു, ഇനിയും കുറയാൻ സാദ്ധ്യത

കൊല്ലം: ജനപ്രിയ ബ്രാൻഡായ ആന്ധ്ര ജയ അരിയുടെ ചി​ല്ലറ വി​ല്പന വി​ല കി​ലോയ്ക്ക് 50 രൂപയോളമെത്തിയതോടെ കച്ചവടം കുത്തനെ ഇടിഞ്ഞു. ഇതോടെ മില്ലുടമകളുടെയും ഏജന്റുമാരുടെയും വിലപേശലും അയഞ്ഞുതുടങ്ങി. അടുത്തമാസം മുതൽ വില താഴ്ന്നുതുടങ്ങുമെന്നാണ് പ്രതീക്ഷ. ആന്ധ്രയിൽ നിന്നു കൂടുതലായി അരി എത്തിക്കാനുള്ള നീക്കം സർക്കാർ ശക്തമാക്കിയതും പ്രതീക്ഷ നൽകുന്നു.

ഈ മാസം പകുതിയോടെ ആന്ധ്രയിൽ നിന്നുള്ള ഒരു കിലോ ബ്രാൻഡഡ് ജയ 45.30 രൂപയ്ക്കാണ് കൊല്ലത്തെ മൊത്തവ്യാപാരികൾക്ക് ലഭിച്ചത്. കയറ്റിറക്ക് കൂലിയും ലാഭവും സഹിതം രണ്ട് രൂപ കൂടി ചേർത്താണ് ഇവർ ഇത് വിൽക്കുന്നത്. എന്നാൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ലാഭം ഒഴിവാക്കി കയറ്റിറക്ക് കൂലിയുടെ ഒരു ഭാഗം സ്വയം വഹിച്ച് 46 രൂപയ്ക്ക് വിറ്റുതുടങ്ങി. ചില്ലറ വ്യാപാരികൾ 48- 49 രൂപ ഈടാക്കിയതോടെ ജയ അരി വാങ്ങാൻ പലരും മടിച്ചു.

കർക്കിടക മാസം കൂടി ആരംഭിക്കുന്നതോടെ വീണ്ടും ഉപഭോഗം ഇടിയും. ഇതോടെ വില കുറയ്ക്കാൻ മില്ലുടമകളും ഏജന്റുമാരും നിർബന്ധിതരാകുമെന്നാണ് പ്രതീക്ഷ.

വ്യാജ പ്രചാരണം

ആന്ധ്രയിൽ നിന്നുള്ള ജയയുടെ വില്പന ഇടിയുകയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ജയയുടെ വില്പന ഉയരുകയും ചെയ്തതോടെ ഇതര സംസ്ഥാന ജയ അരികൾ വ്യാജമാണെന്ന പ്രചാരണം ആന്ധ്ര ഏജന്റുമാർ അഴിച്ചുവിടുന്നുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ജയ അരി നേരത്തേതന്നെ ജില്ലയിലെ വിപണിയിലുണ്ട്. പക്ഷെ വില്പന കുറവായിരുന്നു. അന്ധ്ര ജയയയുടെ വില ഉയർന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജയ അരിയുടെ വിലയിലും ചെറിയ വർദ്ധന ഉണ്ടായിട്ടുണ്ട്.

ജയ അരി മൊത്തവില (കിലോയ്ക്ക്)

 ആന്ധ്ര ജയ- 45.30

 കർണാടക ജയ- 34

 പഞ്ചാബ് ജയ- 37

Advertisement
Advertisement