ആശുപത്രികളിലെ ആക്രമണം തടയണമെന്ന് ഹൈക്കോടതി

Friday 24 June 2022 1:18 AM IST

കൊച്ചി: നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർമ്മപദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി. അക്രമം നടന്നിട്ട് അന്വേഷിക്കുന്നതിനേക്കാൾ അത് ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്കുമായി ബന്ധപ്പെട്ട ഹർജികളിൽ വാദത്തിനിടെയാണ് കോടതി ഇക്കാര്യം പരിഗണിച്ചത്. ആശുപത്രികൾക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ 2021 സെപ്തംബറിൽ വ്യക്തമാക്കിയിരുന്നു. നീണ്ടകര ആശുപത്രിയിലടക്കം സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. ചൊവ്വാഴ്ച സെക്യൂരിറ്റി ജീവനക്കാരനും ആക്രമിക്കപ്പെട്ടു.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ , പാരാമെഡിക്കൽ ജീവനക്കാർ ഭീതിയോടെയാണ് ജോലിചെയ്യുന്നതെന്ന് ഐ.എം.എയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന നിയമത്തിൽ കർശന ശിക്ഷാവ്യവസ്ഥകളുണ്ട്. നീണ്ടകരയിലെ ആക്രമണം ഇതുമാത്രം പോരെന്നാണ് സൂചിപ്പിക്കുന്നത്. ഭയമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യം. ആശുപത്രികളിൽ എത്ര സുരക്ഷാജീവനക്കാരുണ്ട്, എത്ര പൊലീസ് എയ്‌ഡ് പോസ്റ്റുകൾക്ക് അനുമതി നൽകി തുടങ്ങിയ വിവരങ്ങൾ സർക്കാർ അറിയിക്കണം. നീണ്ടകരയിലെ പോലുള്ള ആശുപത്രികളിൽ ആദ്യഘട്ടത്തിലും മറ്റു ആശുപത്രികളിൽ പിന്നീടും പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കാമോ, ആളുകൾ കൂട്ടത്തോടെ തള്ളിക്കയറി ഡോക്ടർമാർക്ക് ഉൾപ്പെടെ സമ്മർദ്ദമുണ്ടാക്കുന്ന സ്ഥിതി നിയന്ത്രിക്കാനാവുമോ എന്നും അറിയിക്കണം. ഹർജി ജൂലായ് 22ന് വീണ്ടും പരിഗണിക്കും.

Advertisement
Advertisement