പൊലീസുകാരനെ ആക്രമിച്ചവർ പിടിയിൽ
കൊല്ലം: പെട്രോൾ പമ്പ് ജീവനക്കാരനു നേരെയുള്ള കൈയേറ്റം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവർ പിടിയിൽ. ചവറ സുഷമ ഭവനിൽ മനോജ് (34), കാവനാട് മീനത്തു ചേരി ഇന്ദിരാഭവനിൽ വിഷ്ണു (33), നീണ്ടകര മാമൻതുരുത്ത് ലാലു ഭവനിൽ സുനിൽ (38) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ ശക്തികുളങ്ങര മരിയാലയം പെട്രോൾ പമ്പിൽ എത്തിയ സംഘം ബൈക്കിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാത്തതിനാൽ പമ്പ് ജീവനക്കാരുമായി വാക്ക് തർക്കമുണ്ടായി. ഈ സമയം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘം പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ തർക്കം ശ്രദ്ധയിൽപ്പെട്ടു. അക്രമം തടയാൻ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരെ മദ്യലഹരിയിൽ ആയിരുന്ന സംഘം അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ സിവിൽ പോലീസ് ഓഫീസറായ ദീപക്കിന്റെ വലതു കൈക്കും കാലിനും പരിക്കേറ്റു.
പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രി ജീവനക്കാരെ ഉപദ്രവിച്ചതിനും ഉപകരണങ്ങൾ നശിപ്പിച്ചതിനും സംഘത്തിലെ മനോജിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.