ലോകകേരളസഭയ്‌ക്കിടെ അനിത പുല്ലയിലിന്റെ സഭാപ്രവേശം; സഭാടിവി ഒടിടി സഹായം ചെയ്യുന്ന കമ്പനിയുടെ കരാർ പുതുക്കിയേക്കില്ല, നടപടി വിശദീകരിക്കാൻ സ്‌പീക്കർ

Friday 24 June 2022 7:44 AM IST

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ ഇടനിലക്കാരിയായിരുന്ന അനിത പുല്ലയിൽ ലോകകേരള സഭയ്‌ക്കിടെ നിയമസഭയിലെത്തിയ സംഭവത്തിൽ നടപടി സ്‌പീക്കർ എം.ബി രാജേഷ് ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.15ന് വാർത്താസമ്മേളനത്തിലാകും നടപടി പ്രഖ്യാപിക്കുക.

സംഭവത്തിൽ ചീഫ് മാർഷൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് സഭാ ടിവി ഒടിടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷൻസിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അനിത എത്തിയതെന്നാണ് വിവരം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സ്‌പീക്കർ നടപടി പ്രഖ്യാപിക്കുക.സഭാടിവി ഓപ്പൺഫോറത്തിൽ പങ്കെടുക്കാനുള‌ള ക്ഷണക്കത്ത് കൈയിലുണ്ടായിരുന്നതുകൊണ്ടാണ് അനിതയെ കടത്തിവിട്ടതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ഓപ്പൺഫോറത്തിലെ അതിഥികൾക്കുള്ള ക്ഷണക്കത്ത് നോർക്ക വിവിധ പ്രവാസി സംഘടനകളെയാണ് ഏല്പിച്ചിരുന്നത്. ഇവർ വഴിയായിരിക്കാം അനിതയ്ക്ക് ക്ഷണക്കത്ത് കിട്ടിയതെന്നാണ് വിലയിരുത്തൽ. തങ്ങൾ ക്ഷണിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യം അന്വേഷിക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു നോർക്ക.

നടപടിയുടെ ഭാഗമായി ബിട്രെയിറ്റ് സൊല്യുഷൻസുമായുള്ള കരാർ അവസാനിപ്പിച്ചേക്കും. ജൂലായിൽ ഇവരുടെ കരാർ കാലാവധി അവസാനിക്കുകയാണ്. അതുകഴിഞ്ഞ് പുതുക്കി നൽകിയേക്കില്ല. എന്നാൽ ഈ സഭാസമ്മേളനത്തിൽ ഇവർതന്നെ തുടരും. സമ്മേളനം തുടങ്ങാൻ രണ്ടുദിവസം ബാക്കിനിൽക്കെ പെട്ടെന്ന് ഇവരെ ഒഴിവാക്കുക പ്രായോഗികമല്ലെന്ന് കണ്ടാണിത്.

Advertisement
Advertisement