അന്വേഷണ റിപ്പോർട്ടിനെതിരായ ഹർജി തള്ളുമെന്ന് സരിത പറഞ്ഞുവെന്ന് ബാലഭാസ്കറിന്റെ പിതാവ്,  വിളിച്ചത്  താൻ  തന്നെന്ന്  സരിത  എസ് നായർ

Friday 24 June 2022 12:58 PM IST

തിരുവനന്തപുരം:‌ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സരിത എസ് നായർ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീ തന്നെ ഫോണിൽ വിളിച്ച് മകന്റെ അപകടമരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സമർപ്പിച്ച ഹർജി തള്ളുമെന്ന് അറിയിച്ചെന്ന് ആരോപിച്ച് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി രംഗത്തെത്തി. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാമെന്ന് അവര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഹർജിയിൽ ഈ മാസം 30നാണ് സിബിഐ പ്രത്യേക കോടതി വിധി പറയാനിരിക്കുന്നത്.സരിത നേരത്തേ വിളിച്ച് വക്കീലിന്റെ പേരും നമ്പരും ഉൾപ്പടെയുള്ള വിശദാംശങ്ങൾ ചോദിച്ചിരുന്നുവെന്നും ഉണ്ണി അറിയിച്ചു. എങ്ങനെയാണ് കേസ് തോൽക്കുന്നതെന്ന് ചോദിച്ചപ്പോൾ അതൊക്ക തനിക്ക് അറിയാമെന്നും അവര്‍ പറഞ്ഞതായും ഉണ്ണി പറഞ്ഞു.

അതിനിടെ ബാലഭാസ്കറിന്റെ പിതാവിനെ വിളിച്ചത് താൻ തന്നെയാണെന്ന് സോളാർ കേസിൽ ആരോപണ വിധേയയായ സരിത എസ് നായർ സ്ഥിരീകരിച്ചു. സൗഹാർദപരമായി കേസിന്റെ കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളച്ചതെന്നും സരിത വ്യക്തമാക്കി. 'വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴത് ഓര്‍ക്കുന്നുണ്ടാകില്ല. എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്‌കറിന്റെ കേസില്‍ ഇടപ്പെട്ടിരുന്നത്. പിന്നീട് മറ്റൊരു അഭിഭാഷകന് കേസ് കൈമാറുകയായിരുന്നു. അത്തരത്തിലാണ് താന്‍ വിളിച്ചതെന്നും സരിത ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

2018 സെപ്തംബറിൽ തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കർ മരിക്കുന്നത്. മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് കേസ് സി ബി ഐക്ക് വിട്ടു. അപകടത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു സി ബി ഐയുടെയും കണ്ടെത്തൽ. ഇതിനെതിരെയാണ് പിതാവ് ഉണ്ണി കോടതിയെ സമീപിച്ചത്.

Advertisement
Advertisement