കാര്യങ്ങൾ ശരിയാക്കാൻ ഇന്ത്യയ്ക്ക് ഫിഫ നൽകിയിട്ടുള്ളത് 37 ദിവസം, തെറ്റിച്ചാൽ കാത്തിരിക്കുന്നത് വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ

Friday 24 June 2022 9:40 PM IST

ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവനുസരിച്ച് ആൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷന്റെ ചുമതല മൂന്നംഗ അഡ്മിനിസ്ട്രേറ്റർമാരുടെ കമ്മിറ്റി (സി ഒ എ) ഏറ്റെടുത്തിരുന്നു. അഖിലേന്ത്യ ഫുട്ബാൾ അസോസിയേഷന്റെ നിയമം അനുസരിച്ച് ഇത്തരത്തിൽ ഫുട്ബാൾ ഭരണത്തിൽ സർ‌ക്കാർ സംവിധാനം കൈകടത്തുന്നത് അനുവദനീയമല്ല. വിലക്ക് ഉൾപ്പെടെയുള്ള നടപടികളാണ് അത്തരം രാജ്യങ്ങൾ നേരിടേണ്ടി വരിക. ഏറ്റവും വലിയ ഉദാഹരണം ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്ഥാൻ തന്നെയാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ച ഫിഫ പ്രതിനിധികൾ എ ഐ എഫ് എഫിന്റെ നിലവിലെ സാഹചര്യത്തിൽ തൃപ്തി പ്രകടിപ്പിച്ചതായും ഇന്ത്യയ്ക്ക് ഉടനടി ഒരു വിലക്ക് വരാൻ സാദ്ധ്യതില്ലെന്നും അറിയിച്ചിരുന്നു. അതേസമയം ചില കർശന നിബന്ധനകളാണ് വിലക്ക് നീക്കുന്നതിനായി എ ഐ എഫ് എഫിന് മുന്നിൽ ഫിഫ വച്ചിട്ടുള്ളത്.

അതിൽ ഏറ്റവും ആദ്യത്തേത് എഐഎഫ്എഫിന് സ്വന്തമായി പുതിയൊരു ഭരണഘടന നിർമിക്കണമെന്നത് തന്നെയാണ്. ജൂലായ് 31 വരെയാണ് ഇതിനായി ഫിഫ സമയം അനുവദിച്ചിട്ടുള്ളത്. അതിനോടകം ഒരു ഭരണഘടന നിർമിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഫിഫയുടെ വിലക്ക് തന്നെയാകും. എന്നാൽ ഭരണഘടന നിർമിച്ചത് കൊണ്ട് മാത്രം വിലക്ക് എന്ന ഭീഷണി മാറുന്നില്ല. തുടർന്നുള്ള കാര്യങ്ങൾ ചെയ്തുതീർക്കാൻ ഫിഫ പ്രതിനിധികൾ നൽകിയിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ അവ പൂർത്തിയാക്കേണ്ടതുണ്ട്.

ഭരണഘടനയുടെ നിർമാണം പൂ‌ർത്തിയായാൽ പിന്നെ ചെയ്യേണ്ടത് എ ഐ എഫ് എഫിന്റെ സ്പെഷ്യൽ ജനറൽ ബോഡിയുടെ യോഗം വിളിച്ചുചേർത്ത് ഇലക്ഷന്റെ തീയതി ഉൾപ്പെടെയുള്ള തീയതികൾ തീരുമാനിക്കുക എന്നതാണ്. ഇത് ആഗസ്റ്റ് അഞ്ചിന് മുമ്പായി പൂർത്തീകരിച്ചിരിക്കണം. അതിന് പിന്നാലെ സെപ്റ്റംബർ 15നു മുമ്പായി ഇലക്ഷൻ നടത്തി പുതിയ പ്രസിഡന്റ് അധികാരത്തിലേറിയിരിക്കണം. ഇതിൽ ഏതെങ്കിലും ഒരു തീയതി തെറ്റിയാൽ ഇന്ത്യയെ വിലക്കാൻ ഫിഫയ്ക്ക് സാധിക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഈ മാസമാദ്യം നടന്ന എ.എഫ്.സി എഷ്യൻ കപ്പ് യോഗ്യതാ ടൂർണമെന്റിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പ്രചോദിപ്പിക്കാനും യോഗ്യത ഉറപ്പാക്കാനുമായി ഒരു ജ്യോതിഷ ഏജൻസിയെ 16 ലക്ഷം രൂപ നൽകി ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ നിയോഗിച്ചത് വിവാദമായിരുന്നു. എ.എഫ്.സി കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുമ്പായി ഒരു മോട്ടിവേറ്ററെ ടീമിനൊപ്പം നിയമിച്ചിരുന്നുവെന്നും പിന്നീട് ഇയാൾ ഒരു ജ്യോതിഷ ഏജൻസിയുടെ ഭാഗമാണെന്ന് വ്യക്തമാകുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ജ്യോതിഷികളടങ്ങിയ ഈ ഏജൻസി ഇന്ത്യൻ ടീമിന് മൂന്ന് സെഷനുകൾ ക്ലാസെടുത്തിട്ടുണ്ടെന്നാണ് വിവരം. ഈ സംഭവം വിവാദമായതോടെ പ്രതികരണത്തിനായി എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി സുനന്ദോ ദറിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ലെന്ന് ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement