അക്രമം സി.പി.എമ്മിന്റെ അറിവോടെ: കെ. സുധാകരൻ

Saturday 25 June 2022 12:19 AM IST

കൊച്ചി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിത്തകർത്തത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. അക്രമികൾക്ക് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

അണികളെ നിലയ്ക്കുനിറുത്താൻ സി.പി.എം തയ്യാറായില്ലെങ്കിൽ ജനാധിപത്യരീതിയിൽ അതിശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് നിർബന്ധിതമാകും. തിരിച്ചടിക്കാൻ കോൺഗ്രസിനും അറിയാം. ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് അതിന് മുതിരാത്തത്. കോൺഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗർബല്യമായി കരുതരുത്. ദേശീയതലത്തിൽ ബി.ജെ.പിയും സംഘപരിവാറും രാഹുൽ ഗാന്ധിയെ രാഷ്ട്രീയ കുടിപ്പകയുടെ പേരിൽ വേട്ടയാടുമ്പോൾ കേരളത്തിൽ സി.പി.എം രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത് സംഘപരിവാർ ശക്തികളെ സന്തോഷിപ്പിക്കുകയാണ്. കറൻസി കടത്തലിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാൻ സി.പി.എം മനപ്പൂർവ്വം കേരളത്തിൽ അക്രമം അഴിച്ചുവിടുകയാണ്.