മധുരം, മനോഹരം മൂട്ടിൽപഴങ്ങൾ

Friday 24 June 2022 11:24 PM IST

കോന്നി: വനമേഖലയിൽ മൂട്ടിൽപഴങ്ങളുടെ കാലമാണിത്. കോന്നി,റാന്നി വനം ഡിവിഷനുകളിലെ ഉൾവനങ്ങളിൽ ഇവ ധാരാളമുണ്ട്. ആലുവാംകുടി വനമേഖലയിലും കല്ലേലി ഉരാളിയപ്പുപ്പൻ കാവിന് സമീപത്തെ വനമേഖലയിലും
മൂട്ടിൽ പഴ മരങ്ങൾ കാണാം. ബക്കേറിയ കോർട്ടലെൻസിസ് എന്ന് ശാസ്ത്രീയ നാമമുള്ള മരത്തിന്റെ ചുവട്ടിലാണ് കായ്കളുണ്ടാകുന്നത്. വേനലിലാണ് കായ് പിടിച്ചുതുടങ്ങുന്നത്. ജൂൺ, ജൂലായ് മാസങ്ങളിൽ പഴുത്തു പാകമാകും. ചെറുനാരങ്ങയുടെ വലിപ്പമാണ് കായ്കൾക്ക്. ചുവന്നുതുടുത്ത പഴങ്ങൾ കുലകളായി മരത്തിന്റെ തടിയോട് ചേർന്ന് പറ്റിപിടിച്ചുനിൽക്കുന്നത് മനോഹര കാഴ്ചയാണ്.
നേരിയ പുളിപ്പും മധുരവും കലർന്ന രുചിയാണ്. തോട് അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കാം.രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ കുറയാൻ ഈ പഴങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു . ധാരാളം വിറ്റാമിനുകളും പ്രൊട്ടീനും ആന്റി ആക്സിഡന്റുംകളും നിറഞ്ഞതാണ്. ആദിവാസികൾ ഇവ കാട്ടിൽ നിന്ന് ശേഖരിച്ച് ഭക്ഷിക്കുകയും നാട്ടിലെത്തിച്ച് വിൽപന നടത്തുകയും ചെയ്യാറുണ്ട്. മലയോര ഗ്രാമങ്ങളിൽ പല വീടുകളിലും മൂട്ടിൽ മരങ്ങളുടെ തൈകൾ വനത്തിൽ നിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും കാട്ടിൽ ഉണ്ടാകുന്നതു പോലെ സമൃദ്ധമായി കായ്ക്കാറില്ല. ഫോറസ്റ്റ് ഫ്രൂട്ട് എന്ന പേരിൽ ഖ്യാതി നേടിയ മൂട്ടിൽ പഴം സംസ്ഥാനത്തെ നിത്യഹരിതവനങ്ങളിൽ മാത്രം കണ്ടുവരുന്ന വൃക്ഷമാണ്. കുന്തപ്പഴം, മുട്ടിക്കായ് എന്നും ചിലസ്ഥലങ്ങളിൽ ഇത് അറിയപ്പെടുന്നു. മലയണ്ണാൻ, കുരങ്ങ്, ആമ, കരടി, പക്ഷികൾ എന്നിവയുടെ ഇഷ്ട ഭക്ഷണമാണ്. കട്ടിയുള്ള പുറംതോട് പൊളിച്ചാൽ കാണുന്ന മാംസളമായഭാഗം വളരെ രുചിയുള്ളതാണ് .രണ്ട് വിത്തോടു കൂടിയതാണ് മാംസളഭാഗം .പാകമാകാത്ത പഴങ്ങൾ പച്ച നിറവും പാകമായ പഴങ്ങൾ കടും ചുവപ്പ് നിറവുമായിരിക്കും.

Advertisement
Advertisement