കന്നുകാലികളിൽ മൈക്രോ ചിപ്പ്: നടന്നത് ഉദ്ഘാടനം മാത്രം

Friday 24 June 2022 11:25 PM IST

പത്തനംതിട്ട: കന്നുകാലികളുടെ വിവര ശേഖരണത്തിന് മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മൈക്രോചിപ്പ് പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസമായിട്ടും പദ്ധതി നടപ്പായില്ല. കഴിഞ്ഞ മേയ് 29ന് ഒാമല്ലൂരിൽ മന്ത്രി ചിഞ്ചുറാണിയാണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. കന്നുകാലികളെ സംബന്ധിച്ച് എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് മൈക്രോ ചിപ്പ് പദ്ധതി. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ സമഗ്രമായ ഡിജിറ്റൽ സംവിധാനം മൃഗസംരക്ഷണമേഖലയിൽ രൂപകൽപ്പന ചെയ്തത്. പദ്ധതി എങ്ങനെ നടപ്പക്കണമെന്നും എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സർക്കാരിൽ നിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ലെന്ന് വെറ്ററിനറി ഒാഫീസർമാർ പറയുന്നു. കന്നുകാലികളുടെ ചെവിയിൽ ഘടിപ്പിക്കുന്ന മൈക്രോ ചിപ്പുകളുടെ ലഭ്യതക്കുറവും പദ്ധതി തുടങ്ങുന്നതിന് തടസമായി നിൽക്കുന്നു. പത്തനംതിട്ടയിൽ നടപ്പാക്കിയ ശേഷം പദ്ധതി സംസ്ഥാന വ്യാപകമാക്കാനായിരുന്നു സർക്കാർ തീരുമാനം.

പദ്ധതി നടപ്പാക്കാൻ ജില്ലയ്ക്ക് 7.52കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള ഡിജിറ്റൽ സർവകലാശാലയ്ക്കാണ് നടത്തിപ്പ് ചുമതല. ഓരോ മൃഗങ്ങളെയും തിരിച്ചറിയുന്നതിനാണ് ഇ സമൃദ്ധി എന്ന പേരിൽ പദ്ധതി വിഭാവനം ചെയ്തത്.

പദ്ധതിയുടെ പ്രയോജനങ്ങൾ

കന്നുകാലികൾക്ക് ഇൻഷുറൻസ്, കത്തിവെയ്പ് വിവരങ്ങൾ, എത്ര പ്രസവിച്ചു, ഉടമസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ അറിയാം.

മൈക്രോചിപ്പ് ടാഗിംഗ്

നിലവിൽ കന്നുകാലികളെ തിരിച്ചറിയുന്നതിനായി പ്ലാസ്റ്റിക് ടാഗുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി നടപ്പാക്കുന്ന തിരിച്ചറിയൽ സംവിധാനമാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫക്കേഷൻ (ആർ.എഫ്.ഐ.ഡി) അഥവാ മൈക്രോചിപ്പ് ടാഗിംഗ്. 12 മില്ലിമീറ്റർ നീളവും രണ്ട് മില്ലിമീറ്റർ വ്യാസവുമുള്ള ബയോകോംപാറ്റബിൾ ഗ്ലാസ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന മൈക്രോ ചിപ്പ് മൃഗങ്ങളുടെ തൊലിക്കടിയിൽ നിക്ഷേപിക്കാവുന്നതും പ്രത്യാഘാതം ഇല്ലാത്തതുമാണ്. ഒരു ദിവസം പ്രായമായ മൃഗങ്ങളിലും ഇത് ഘടിപ്പിക്കാം. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയൽ നമ്പർ മനസിലാക്കാൻ പ്രത്യേക മൈക്രോ ചിപ്പ് റീഡർ ഉപയോഗിക്കും. വെറ്ററിനറി ഒാഫീസുകളിലാണ് റീഡർ സൂക്ഷിച്ചിരിക്കുന്നത്.

ജില്ലയിൽ 66, 000 കന്നുകാലികൾ

Advertisement
Advertisement