പലവിധ പനികൾ ജില്ലയിൽ സുലഭം

Friday 24 June 2022 11:56 PM IST

കൊല്ലം: ജില്ലയിൽ പനിക്ക് ഒരു കുറവുമില്ല. ഡങ്കിപ്പനി,​ തക്കാളിപ്പനി, എലിപ്പനി എന്നിങ്ങനെ രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇന്നലെ മാത്രം ഡങ്കിപ്പനി സംശയിക്കുന്ന 24 കേസുകൾ റിപ്പോർട്ട് ചെയ്തു. 4 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഈ മാസം ഇതുവരെ അമ്പതോളം പേരിൽ ഡങ്കിപ്പനി സ്ഥിരീകരിക്കുകയുണ്ടായി. രോഗ ബാധ സംശയിക്കുന്ന 94 കേസുകളും റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ 69 പേർക്കാണ് ജില്ലയിൽ രോഗ ബാധയുണ്ടായത്. ഇടവിട്ടുളള മഴകാരണം വെളളം കെട്ടിക്കിടന്ന് കൊതുകുകൾ വളരുന്നതാണ് രോഗം പടരാൻ കാരണം. മഴക്ക് ശമനമില്ലാത്തതിനാൽ കൊതുകുകൾ വീണ്ടും പെരുകാനുളള സാദ്ധ്യതയുണ്ട്. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗമുണ്ടായാൽ രക്തസ്രാവം ഉൾപ്പെടെ മാരകമാകുന്നതിനുള്ള സാധ്യതയും കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പുനൽകുന്നു. അഞ്ചു വയസിൽ താഴെയുളള കുട്ടികളിലാണ് തക്കാളിപ്പനി കണ്ടു വരുന്നത്. വായ്ക്കുളളിലും കൈകളിലും കാൽവെളളയിലും ചുവന്ന കുമിളകൾ പൊങ്ങുന്നതാണ് രോഗലക്ഷണം.

മുൻകരുതലുകൾ

1. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ സംശയിക്കുന്ന കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കരുത്.

2. രോഗം പൂർണ്ണമായി ഭേദമായ ശേഷമേ കുട്ടികളെ മറ്റുളളവരുമായി ഇടപഴകാൻ അനുവദിക്കാവൂ.

3. പനി രണ്ടു ദിവസത്തിലധികം നീണ്ടാൽ ഡെങ്കിപ്പനി ടെസ്റ്റ് ചെയ്യണം,​ ചികിത്സ വൈകിപ്പിക്കരുത്.

4. ശുചിത്വം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

5. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം

6. ചെറിയ അളവ് വെള്ളത്തിൽ പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുമെന്നകാര്യം മറക്കരുത്.

7. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് ബാധയുണ്ടാകും.

8. വീടുകളുടെ പരിസരത്ത് തന്നെ മുട്ടയിട്ട് വളരും.

9. വീടുകളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം.

Advertisement
Advertisement