സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം കൗമുദി ടിവിക്ക്
തിരുവനന്തപുരം : 27-ാമത് സംസ്ഥാന ടെലിവിഷൻ പുരസ‌്കാരങ്ങൾ മന്ത്രി എ.കെ. ബാലൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച അന്വേഷണാത്മക മാദ്ധ്യമപ്രവർത്തകനുള്ള പ്രത്യേക പരാമർശത്തിന് കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന 'നേർക്കണ്ണി"ന്റെ അവതാരകനായിരുന്ന എം.ജി. പ്രതീഷ് അർഹനായി. ശില്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആദിവാസികളുടെ പരിതാപകരമായ ജീവിതാവസ്ഥയെ പുറംലോകത്തെ അറിയിക്കാനും പ്രശ്‌നപരിഹാരത്തിനുമുതകുന്ന തരത്തിലുള്ള പ്രവർത്തനത്തിനുമാണ് പുരസ്‌കാരം.
കഥേതര വിഭാഗത്തിലെ ഡോക്യുമെന്ററിക്കുള്ള പുരസ‌്കാരം വാൾട്ടർ ഡിക്രൂസ് സംവിധാനം ചെയ്‌ത 'ഓഖി: കടൽ കാറ്റെടുത്തപ്പോൾ" അർഹമായി. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ‌്കാരവും കഥാവിഭാഗത്തിൽ ടെലിസീരിയലിനുള്ള പുരസ‌്കാരത്തിനും ശിവമോഹൻ തമ്പി സംവിധാനം ചെയ്‌ത 'ക്ഷണപ്രഭാചഞ്ചലവും" അർഹമായി. വി.എം. ബിൻസാദ‌് സംവിധാനം ചെയ‌്ത 'കാലൻ പോക്കരാണ‌്" മികച്ച ടെലിഫിലിം. 20 മിനിട്ടിൽ കൂടിയ ടെലിഫിലിം വിഭാഗത്തിൽ ആഷാഡ‌് ശിവരാമന്റെ ‘ദേഹാന്തരം" ഒന്നാമതായി. ശിവരാമനാണ് മികച്ച സംവിധായകൻ.
പരിസ്ഥിതി വിഭാഗത്തിലെ മികച്ച ഡോക്യുമെന്ററിയായി സി.എൽ. ജയജോസ് രാജ് സംവിധാനം ചെയ്‌ത 'കുമുദിനി: ഒരു ആമ്പൽപ്പൂവിൻ കഥയും ബയോഗ്രഫി വിഭാഗത്തിൽ നീലൻ സംവിധാനം ചെയ്‌ത പ്രേംജി: ഏകലോചന ജന്മവും അർഹമായി. ശ്രീനാഥ് വി. സംവിധാനം ചെയ്ത വൺ ഇൻ മില്യൻസാണ് മികച്ച വിദ്യാഭ്യാസ പരിപാടി. മികച്ച ലേഖനത്തിനുള്ള പുരസ്‌കാരത്തിന് കെ. കുഞ്ഞിക്കൃഷ്ണൻ അർഹനായി. ബിജിബാൽ (സംഗീത സംവിധായകൻ), എൻ.കെ. കിഷോർ, അപ്‌സര (ഹാസ്യാഭിനേതാക്കൾ), പ്രൊഫ. അലിയാർ, ഷാഹിൻ സിദിഖ് (മികച്ച രണ്ടാമത്തെ നടന്മാർ), വത്സലമേനോൻ (രണ്ടാമത്തെ നടി), പ്രിജിത്ത് (ഛായാഗ്രാഹകൻ), പി.വി. ഷൈജൽ (ചിത്രസംയോജകൻ), ജിത്തു എസ്. പ്രേം, അജയ് ലെ ഗ്രാൻഡ് (ശബ്ദലേഖകൻ) എന്നിവരും അവാർഡിനർഹമായി. സംവിധായകൻ കമൽ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ജൂറി അംഗങ്ങളായ ഷാജിയെം, എസ്.ഡി. പ്രിൻസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.