കൃത്യമായി ഓഫീസിൽ വരാറില്ല, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ നേതാവിനെ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് പുറത്താക്കി
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയും എസ് എഫ് ഐ നേതാവുമായ അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കി. ഇത് സംബന്ധിച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ഐഡി കാർഡ് ഉൾപ്പെടെയുള്ള സാധനങ്ങൾ അവിഷിത്ത് മടക്കി നൽകണമെന്നും നിർദ്ദേശമുണ്ട്.
എം പി ഓഫീസ് ആക്രമണത്തിന് പിന്നാലെ അവിഷിത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ് കത്ത് നൽകിയിരുന്നു. അവിഷിത്ത് ഏറെനാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്.
ഈ മാസം 15 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അവിഷിത്തിനെ പുറത്താക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ അന്വേഷിച്ചപ്പോൾ ഈ മാസം തുടക്കം മുതൽ അവിഷിത്ത് കൃത്യമായി ഓഫീസിൽ വരാറില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 15 വരെയുള്ള ദിവസങ്ങളിൽ ഇടയ്ക്കൊക്കെ വന്നിരുന്നെന്നും അതിനാലാണ് അതിന് ശേഷമുള്ള തീയതി മുതൽ അവിഷിത്തിനെ പുറത്താക്കാൻ പൊതുഭരണവകുപ്പിന് കത്ത് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി മുൻ വൈസ് പ്രസിഡന്റാണ് അവിഷിത്ത്.