ശ്... ഇത് ആ പോഗ്ബയല്ല; എടികെയുടെ പുതിയ സൈനിംഗിന് പിന്നാലെ ഫേസ്ബുക്കിൽ കമന്റുകളും വെല്ലുവിളികളുമായി ആരാധകർ, സത്യം മനസിലായപ്പോൾ മുമ്പ് എഴുതികൂട്ടിയത് ഡിലീറ്റ് ചെയ്യാനുള്ള വെപ്രാളം

Saturday 25 June 2022 8:34 PM IST

കൊൽക്കത്ത: മുൻ മാഞ്ചസ്റ്റർ യുണൈറ്റ‌ഡ് നായകൻ പോൾ പോഗ്ബയുടെ സഹോദരൻ ഫിയറെന്റീനോ പോഗ്ബയെ വരുന്ന ഐഎസ്എൽ സീസണിലേക്ക് സൈൻ ചെയ്ത വാർത്ത ഇന്ന് രാവിലെയാണ് എടികെ മോഹൻ ബഗാൻ പുറത്തു വിടുന്നത്. എന്നാൽ വാർത്ത പുറത്തുവിട്ട സമൂഹമാദ്ധ്യമ പോസ്റ്റിൽ അറിഞ്ഞോ അറിയാതെയോ എഫ് പോഗ്ബയെ ടീമിലെത്തിച്ചു എന്നാണ് നൽകിയത്. കൂടെ ഒരു കാരിക്കേച്ചറിന് സമാനമായ ചിത്രവും. ഫിയറെന്റീനോ പോഗ്ബയും പോൾ പോഗ്ബയും കാണാൻ ഏകദേശം ഒരു പോലെയാണ് ഇരിക്കുന്നത്. അതിനാൽ തന്നെ കാരിക്കേച്ചറിൽ രണ്ട് താരങ്ങളെയും തിരിച്ചറിയാൻ പാവം ബംഗാളികൾക്ക് കഴിഞ്ഞില്ല.

കേട്ടപാതി കേൾക്കാത്ത പാതി അവരങ്ങ് ഉറപ്പിച്ചു, സാക്ഷാൽ പോൾ പോഗ്ബ എടികെയ്ക്ക് വേണ്ടി പന്ത് തട്ടാൻ മാഞ്ചസ്റ്ററിൽ നിന്ന് എത്തുന്നെന്ന്. അവിടെനിന്ന് പിന്നെ നടന്നത് വൻ ചരിത്രം. പോസ്റ്റിന് താഴെ കമന്റുകളുടെ പ്രളയമായിരുന്നു പിന്നെ കണ്ടത്. കമന്റ് ഇട്ടവർക്ക് എന്താണ് സത്യാവസ്ഥ എന്ന് മനസിലായതുമില്ല,അവർ തിരക്കാൻ പോയതുമില്ല. ഇടയ്ക്ക് എപ്പോഴോ ആരോ വന്ന് ഇത് ആ പോഗ്ബയല്ല എന്ന് പറയാൻ ശ്രമിച്ചെങ്കിലും ആര് കേൾക്കാൻ.

ഒടുവിൽ ഏകദേശം മൂന്ന് മണിക്കൂറുകൾക്ക് ശേഷം ഫിയറെന്റീനോ പോഗ്ബയുടെ ഒരു വീഡിയോ സന്ദേശം എടികെ മോഹൻ ബഗാൻ ഇട്ടതോടെയാണ് പലർക്കും പറ്റിയ അമളി മനസിലായത്. പിന്നെ നേരത്തെ ഇട്ട കമന്റുകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്യാനുള്ള തിരക്കായിരുന്നു. കൊൽക്കത്ത കഴിഞ്ഞാൽ ഒരുപക്ഷേ എടികെ ബഗാന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള കേരളത്തിലും കമന്റ് യുദ്ധം ഒട്ടും മോശമായിരുന്നില്ല.