അഞ്ചു മാസത്തിനിടയ്ക്ക് വീണ്ടും കാർ മാറി മുഖ്യമന്ത്രി; ഇന്നോവയ്ക്ക് പകരം എത്തുന്നത് 33 ലക്ഷത്തിന്റെ കിയ കാർണിവൽ, ഇന്നോവ ഇനി എസ്കോർട്ട് ഡ്യൂട്ടിക്ക് മാത്രം

Saturday 25 June 2022 10:41 PM IST

തിരുവനന്തപുരം: അഞ്ചു മാസത്തിനിടെ വീണ്ടും കാർ മാറ്റി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കിയയുടെ കാർണിവലിലായിരിക്കും ഇനി മുഖ്യമന്ത്രിയുടെ യാത്ര. 33 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നേരത്തെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന മഹീന്ദ്രയുടെ ഹാരിയറിന് പകരം ഡിജിപി അനിൽകാന്തിന്റെ നി‌‌ദ്ദേശപ്രകാരമാണ് കിയ കാർണിവൽ വാങ്ങാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് പുതിയ വാഹനം

നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്കോർട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കും. ഇവ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിറുത്തും. ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.

ഡിസംബറിലാണ് മുഖ്യമന്ത്രിക്ക് പുത്തൻ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. കെ.എൽ.01 സി.ടി 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പുതിയ ക്രിസ്റ്റ മുഖ്യനു വേണ്ടി വാങ്ങിച്ചത്. ഇനി യാത്ര കിയാ കാർണിവലിലേക്ക് മാറും.

Advertisement
Advertisement