വീട്ടിലെ വൈദ്യുതിക്ക് ഡബിൾ ഷോക്ക്,​ യൂണിറ്റിന് 6.35രൂപ, കെ എസ് ഇ ബിക്ക് 1200 കോടി വരെ അധിക വരുമാനം

Sunday 26 June 2022 12:57 AM IST

തിരുവനന്തപുരം: വീടുകളിലെ വൈദ്യുതിക്ക് 18.14 ശതമാനം വർദ്ധന കെ.എസ്.ഇ.ബി ആവശ്യപ്പെട്ടപ്പോൾ, വൈദ്യുതി റെഗുലേറ്ററി ബോർഡ് അനുവദിച്ചത് 20.26ശതമാനം.

യൂണിറ്റിന് ശരാശരി 5.28രൂപ നൽകിയിരുന്നവർ ഇനി ശരാശരി 6.35രൂപ വീതം നൽകേണ്ടിവരും. വ്യവസായ ആവശ്യങ്ങൾക്കുൾപ്പെടെ പത്തു ശതമാനം വർദ്ധനയാണ് കെ.എസ്. ഇ.ബി ആവശ്യപ്പെട്ടിരുന്നത്. അത് ശരാശരി 6.6 ശതമാനമായി.പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു.

1.03കോടി ഗാർഹിക ഉപഭോക്താക്കളിൽ 88 ലക്ഷം പേർക്കും 5 രൂപയ്ക്ക് വൈദ്യുതി ഉറപ്പാക്കിയാണ് നിരക്ക് വർദ്ധന നടപ്പാക്കിയതെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അവകാശപ്പെടുന്നത്. കാർഷിക ആവശ്യങ്ങളുടെ നിരക്ക് കൂട്ടിയിട്ടില്ല.വ്യവസായ,വാണിജ്യ സ്ഥാപനങ്ങളുടെ നിരക്കിൽ വർദ്ധന വരുത്തിയിട്ടുണ്ട്.

കെ.എസ്.ഇ.ബി.ക്ക് 1000 മുതൽ 1200കോടിരൂപവരെ വരുമാനം വർദ്ധിക്കും.സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻദിനരാജ്,അംഗം എ.ജെ.വിൽസൺ എന്നിവർ വാർത്താസമ്മേളനത്തിലാണ് നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്.

പ്രതിമാസം 40യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്കും 50യൂണിറ്റ് വരെ ഉപയോഗിക്കുന്ന 25ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കും ബാധകമല്ല. അനാഥാലയങ്ങൾ,വൃദ്ധസദനങ്ങൾ,അങ്കണവാടികൾ തുടങ്ങിയ 35200 ഉപഭോക്താക്കൾക്കും 4.76ലക്ഷം കർഷകർക്കും കാൻസർരോഗികൾ, അംഗവൈകല്യമുള്ളവർ തുടങ്ങിയവർക്കും നിരക്ക് വർദ്ധന ബാധകമായിരിക്കില്ല.എൻഡോസാൾഫാൻ ദുരിതബാധിതർക്കുള്ള ആനുകൂല്യങ്ങൾ തുടരും. 5.5ലക്ഷം പെട്ടിക്കടകൾക്കുള്ള നിരക്ക് സൗജന്യം 1000വാട്ട് കണക്ടഡ് ലോഡിൽ നിന്ന് 2000 വാട്ടായി ഉയർത്തി. തയ്യൽകടകൾ, മില്ലുകൾ, തേപ്പുകടകൾ, എന്നിവയ്ക്ക് ശരാശരി 15 പൈസയുടെ നിരക്ക് വർദ്ധനയാണ്.

കെ.എസ്.ഇ.ബി. ലാഭത്തിലേക്ക് പോകുന്ന സാഹചര്യം പരിഗണിച്ച് ഒരു വർഷത്തെ നിരക്ക് വർദ്ധനമാത്രമാണ് പ്രഖ്യാപിച്ചത്. വരും വർഷം ലാഭമുണ്ടാകുകയാണെങ്കിൽ നിരക്കിൽ കുറവ് വരുത്തണം.

മൊത്തം വൈദ്യുതി ഉപഭോക്താക്കൾ.............. 1.31കോടി

ഗാർഹിക ഉപഭോക്താക്കൾ.................................. 1.03കോടി

150യൂണിറ്റ് ഉപയോഗിക്കുന്നവർ............................. 88ലക്ഷം

പെൻഷൻ ഫണ്ട് ബാദ്ധ്യത.......................... Rs.19000കോടി

ജീവനക്കാരുടെ എണ്ണം............................................. 33600

കമ്മിഷൻ അംഗീകരിച്ച ജീവനക്കാരുടെ എണ്ണം.... 27175

ഗാർഹികേതര വർദ്ധന

(ഇനം, ഫിക്സഡ് ചാർജ്ജ് വർദ്ധന, യൂണിറ്റ് നിരക്ക് വർദ്ധന)

ചെറുകിട വ്യവസായം...................Rs 5-15,......... 10- 15 പൈസ

ഐ.ടി.കമ്പനി.............................. Rs15- 30..............30- 45 പൈസ

വാണിജ്യം,കട (കി.വാട്ട്)................ Rs10- 20........ 5-10 പൈസ

സിനിമാതീയേറ്റർ (കി.വാട്ട്)......... Rs 15.............. 30 പൈസ

വ്യവസായം (കി.വാട്ട്)....................Rs 70............. 55 പൈസ

മാളുകൾ (കി.വാട്ട്).......................Rs 50..............30 പൈസ

വൻകിടവ്യവസായം (കി.വാട്ട്)........Rs 60............ 50 പൈസ

ഐ.എസ്.ആർ.ഒ (കി.വാട്ട്)..........Rs 15............... 20 പൈസ

റെയിൽവേ (കി.വാട്ട്)...................Rs 40............... 30 പൈസ

കൊച്ചിമെട്രോ (കി.വാട്ട്)..............Rs 15................ 30 പൈസ

`കെ.എസ്.ഇ.ബിയുടെ നിലവിലെ പ്രവർത്തനം വളരെ മികച്ചത്.കഴിഞ്ഞ സാമ്പത്തികവർഷം 70കോടിരൂപയുടെ പ്രവർത്തന ലാഭം കൈവരിച്ചത് ചരിത്രനേട്ടമാണ്.ഇതേരീതിയിൽ പോയാൽ വൻനേട്ടമാകും. നിരക്ക് വർദ്ധിപ്പിക്കാത്ത തരത്തിൽ ജനങ്ങൾക്കും ഗുണം ചെയ്യും.'

-പ്രേമൻ ദിനരാജ്,

വൈദ്യുതിറെഗുലേറ്ററി

കമ്മിഷൻ ചെയർമാൻ

Advertisement
Advertisement