ഈ വീടിന്റെ ഐശ്വര്യം 'മ്യാവൂൂൂ...' പേര് ചൊല്ലി വിളിക്കാൻ 40 വിദേശികൾ

Sunday 26 June 2022 12:12 AM IST

കൊല്ലം: 'പൂച്ചകളാണ് ഈ വീടിന്റെ ഐശ്വര്യ'മെന്ന് സുരേഷിന്റെ വീടിനു മുന്നിൽ എഴുതിവച്ചിട്ടില്ല. പക്ഷേ, വാസ്തവം അതാണ്. നാല്പതോളം വിദേശ പൂച്ചകൾ. പേരുചൊല്ലിവിളിച്ചാൽ ഓടിയെത്തും. എല്ലാത്തിനുംകൂടി വിലയിട്ടാൽ 70 ലക്ഷം കവിയും!

ഹോം അപ്ളയൻസസ് ബിസിനസുകാരനായ സുരേഷ്‌കുമാറിന് 16 വർഷം മുമ്പ് തോന്നിയ ഇഷ്ടമാണ് ഇളമ്പള്ളൂർ സുരേഷ് ഭവനെ പൂച്ചകളുടെ താവളമാക്കിയത്.

കടയി​ൽ സാധനം വാങ്ങാനെത്തിയ ഒരാൾക്കൊപ്പം ഉണ്ടായിരുന്ന പൂച്ച സുരേഷിന്റെ ഹൃദയത്തിലാണ് കയറിപ്പറ്റിയത്. താമസിയാതെ, കൊട്ടാരക്കരയി​ൽ നി​ന്ന് 10,000 രൂപയ്ക്ക് 'ഡോൾ ഫേസ്' ഇനത്തിലെ വിദേശപ്പൂച്ചയെ വാങ്ങി. ഭാര്യ ജി​നിയും മക്കളായ മേഘയും മെബി​ത്തും മത്സരിച്ച് പൂച്ചയെ ലാളിക്കാൻ തുടങ്ങിയതോടെ, മനസ്സിൽ ബിസിനസ് പമ്മിപ്പമ്മിയെത്തി. അതിന് ഇണയെ പത്തനംതിട്ടയിൽ നിന്ന് വാങ്ങി.
വെബ്സൈറ്റുകൾ പരതി ജർമ്മനി, കൊളംബിയ, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മുന്തിയ ഇനം കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു. കൊവിഡിനിടെ യൂറോപ്പിൽ നിന്ന് വിമാനത്തിലെത്തിച്ച 'ഡോമിനോ' എന്ന പൂച്ചയാണ് അവസാനമെത്തിയ അതിഥി. ‌ഡോമിനോ നാലു ദിവസം കൊച്ചിയിൽ ക്വാറന്റൈനിൽ കഴിഞ്ഞത് വാർത്തയായിരുന്നു.

ക്യാറ്റ് ഫാൻസിയേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് വിദേശ പൂച്ചകളെ കണ്ടെത്തുന്നത്. ഓൺലൈനിൽ ഓർഡർ ചെയ്‌താൽ ഏജൻസികൾ കാർഗോയിൽ എത്തിക്കും. എ.സി ഹാളിലാണ് പൂച്ചകളുടെ താമസം. വിവിധ രാജ്യക്കാരായതുകൊണ്ട് ഭക്ഷണക്കാര്യത്തിലും വ്യത്യസ്തതയുണ്ട്. പാല്, മുട്ട, മീൻ,ബീഫ്, ചിക്കൻ എന്നിവയാണ് പൊതുഭക്ഷണം.

 Rs.4 ലക്ഷം:

ആറുമാസം പ്രായമുള്ള

പൂച്ചക്കുഞ്ഞിന്റെ

ഇറക്കുമതി ചെലവ്

Rs.70,000:

പൂച്ചകളുടെ

പ്രതിമാസച്ചെലവ്

7 കുഞ്ഞുങ്ങൾ വരെ:

ഒന്നര വയസിൽ

പ്രസവിക്കുമ്പോൾ

Rs.1-2 ലക്ഷം:

ഒരു കുഞ്ഞിനെ

വില്ക്കുന്ന വില

 പ്രസവകാലം പ്രധാനം

പ്രസവകാലത്ത് പ്രത്യേക നിരീക്ഷണം ആവശ്യം. കൃത്യസമയത്ത് ഭക്ഷണവും മരുന്നും നൽകണം. തള്ളപ്പൂച്ചയുടെ ചവിട്ടേറ്റ് കുഞ്ഞുങ്ങൾ ചത്തുപോകാനിടയുണ്ട്. രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് പ്രസവമെടുത്തിട്ടുണ്ട്.

`പൂച്ചകളാണ് ഞങ്ങളുടെ ഐശ്വര്യം. ഒട്ടേറെപ്പേർ അന്വേഷിച്ചെത്തുന്നുണ്ട്

-സുരേഷ്‌കുമാർ