ഖരമാലിന്യ സംസ്കരണം: ലോകബാങ്ക് സംഘമെത്തി

Sunday 26 June 2022 12:00 AM IST

തിരുവനന്തപുരം: ലോകബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതി വിലയിരുത്താൻ ലോകബാങ്ക് പ്രതിനിധി സംഘം എത്തി. മന്ത്രി എം.വി.ഗോവിന്ദനുമായി സംഘം കൂടിക്കാഴ്ച നടത്തി. ലോകബാങ്ക് പ്രാക്ടീസ് മാനേജർ മെസ്‌കെരം ബ്രഹനെ, സീനിയർ അർബൻ ഇക്കണോമിസ്റ്റ് ആൻഡ് ടാസ്‌ക് ടീം ലീഡർ ഷിയു ജെറി ചെൻ, അർബൻ കൺസൾട്ടന്റ് റിദിമാൻസാഹ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മാലിന്യസംസ്‌കരണത്തിന്റെ ലോകമാതൃകയാക്കി പദ്ധതിയെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന തലങ്ങളിലും മേഖലാ തലങ്ങളിലും വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കും. പ്രാദേശികമായ പ്രത്യേകതകൾക്കനുസരിച്ച് ഓരോ നഗരസഭയും തയ്യാറാക്കുന്ന സമഗ്ര ഖരമാലിന്യ സംസ്കരണ പ്ലാനിന് സാങ്കേതിക സഹായം നൽകും.

നഗരസഭകൾക്ക് മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും ഗ്രാന്റുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരമ്പരാഗതമായി മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലങ്ങളിൽ ആ ഭൂമി വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്താൽ കേരള സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്. ആറുവർഷമാണ് പദ്ധതി കാലയളവ്. 2300 കോടി രൂപയാണ് അടങ്കൽ തുക.

Advertisement
Advertisement