ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രറിയും ​ലൈബ്രേറിയനുമില്ല

Sunday 26 June 2022 12:31 AM IST

കൊല്ലം: ഹയർ സെക്കൻഡറി കോഴ്സുകൾ ആരംഭിച്ച് രണ്ട് പതിറ്റാണ്ട് പിന്നിട്ടും പൊതുവിദ്യാലയങ്ങളിൽ ലൈബ്രറിയും ലൈബ്രേറിയനുമില്ല. 2015ൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും നടപ്പായില്ല.

സംസ്ഥാന ബാലവകാശ കമ്മിഷനും ലൈബ്രറി സജ്ജീകരിക്കണമെന്നും ലൈബ്രേറിയനെ നിയമിക്കണമെന്നും ഉത്തരവിറക്കി. എന്നാൽ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പൂർണസമയ ലൈബ്രറികൾ ആരംഭിക്കാനും ലൈബ്രേറിയൻ തസ്തികകൾ സൃഷ്ടിക്കാനും കഴിയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടി.

എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സ്‌കൂൾ തലത്തിൽ ലൈബ്രറിയും ലൈബ്രേറിയൻ തസ്തികയുമുണ്ട്. കേരളത്തിലെ സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്‌കൂളുകൾ എന്നിവിടങ്ങളിൽ ലൈബ്രേറിയൻ തസ്തികയിൽ ജീവനക്കാരുണ്ട്.

എയ്ഡഡ് സ്‌കൂളുകളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ക്ലാർക്ക്, ഫുൾ ടൈം മീനിയൽ, ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാഭ്യാസ വകുപ്പ് സുപ്രീംകോടതിയിൽ നൽകിയ അപ്പീലും തള്ളിയിരുന്നു.

എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും സ്‌കൂൾ ലൈബ്രറികളുടെ കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്.

ആവശ്യപ്പെട്ടിട്ടും അനക്കമില്ല

1. 2001ൽ നിയമസഭ അംഗീകരിച്ച ഹയർ സെക്കൻഡറി സ്‌പെഷ്യൽ റൂൾസിൽ ലൈബ്രേറിയൻ തസ്തിക നിയമനം ആവശ്യപ്പെട്ടിരുന്നു

2. കേരള വിദ്യാഭ്യാസ ചട്ടം 32ലും ഇതേ ആവശ്യമുണ്ട്

3. ലൈബ്രറിയുടെ അഭാവം വിദ്യാഭ്യാസ ഗുണനിലവാരത്തെ ബാധിച്ചെന്ന് 2001 ഏപ്രിൽ 16ലെ സർക്കാർ സർക്കുലർ

4. 2014ലെ പ്രൊഫ. ലബ്ബ കമ്മി​റ്റിയും 2019ലെ ഖാദർ കമ്മിഷനും സ്‌കൂൾ ലൈബ്രേറിയന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകി

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒഴിവ് - 2000

നിയമനം നടന്നിട്ട് - 20 വർഷം

ഹയർ സെക്കൻഡറി കോഴ്‌സുകൾ ആരംഭിച്ചപ്പോൾ സർക്കാർ വാഗ്ദാനം ചെയ്തിരുന്ന അടിസ്ഥാന സൗകര്യങ്ങളിലൊന്നായിരുന്നു സ്‌കൂൾ ലൈബ്രറി. നടപ്പാക്കാൻ സർക്കാർ ഇടപെടൽ വേണം.

രക്ഷിതാക്കൾ

Advertisement
Advertisement