ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ പദ്ധതി പാതിവഴിയിൽത്തന്നെ
മലപ്പുറം: ഉരുൾപൊട്ടലും വെള്ളപ്പൊക്ക സാദ്ധ്യതകളും മുൻകൂട്ടി അറിയാനും ദുരന്തനിവാരണ തയ്യാറെടുപ്പുകൾ വേഗത്തിലാക്കാനും സഹായിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ പദ്ധതി ഇനിയും പൂർത്തിയായില്ല. 2018ലെ പ്രളയശേഷം 186 ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകൾ അടിയന്തരമായി സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 100 സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറായി. 10 കോടി വകയിരുത്തി. 2020 ഡിസംബറിന് മുമ്പ് മുഴുവൻ സ്റ്റേഷനുകളും സ്ഥാപിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെ പൂർത്തിയാക്കിയത് 35 എണ്ണം മാത്രം. തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥ കേന്ദ്രമാണ് (ഐ.എം.ഡി) വെതർ സ്‌റ്റേഷനുകൾ സ്ഥാപിക്കേണ്ടത്. നടപടികളിലെ കാലതാമസം മൂലമാണ് പദ്ധതി ഇഴയുന്നത്.
പ്രയോജനങ്ങൾ
മഴയുടെ അളവ്, കാറ്റിന്റെ വേഗത, അന്തരീക്ഷ ആർദ്രത, താപനില എന്നിവ സംബന്ധിച്ച വിവരങ്ങൾ ദുരന്തനിവാരണ അതോറിട്ടിയുടെ കേന്ദ്രീകൃത പ്രതിരോധ സംവിധാനത്തിൽ ലഭ്യമാക്കാനാവും.
ഓരോ പ്രദേശത്തിന്റെയും ശാസ്ത്രീയ വിശകലനം എളുപ്പത്തിലാക്കാനും ദുരന്തനിവാരണ തയ്യാറെടുപ്പുകൾ നടത്താനുമാവും.
ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ നിന്ന് മാത്രമേ മഴ, കാറ്റ്, താപനില വിവരങ്ങൾ ഒരുമിച്ചു ലഭ്യമാകൂ.
സ്ഥലമെല്ലാം റെഡി
വെതർ സ്റ്റേഷനുവേണ്ടി ടവറും ഉപകരണങ്ങളും സ്ഥാപിക്കാൻ 10 ചതുരശ്രമീറ്റർ തുറസ്സായ സ്ഥലമാണ് വേണ്ടത്. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി 138 സ്ഥലങ്ങൾ കണ്ടെത്തി ഐ.എം.ഡിക്ക് കൈമാറി. ഇതിൽനിന്ന് 100 സ്ഥലങ്ങൾ ഐ.എം.ഡി തിരഞ്ഞെടുക്കുകയായിരുന്നു.