മീൻകച്ചവടം ചെയ്തിരുന്ന മജീദിന് പിന്നീട് യുവതികളെ കുവൈത്തിലേക്ക് കയറ്റിവിടലായി പണി, ഓരോ യുവതിയെയും പറ്റിച്ച് അയക്കുമ്പോൾ  മജീദിന് ലഭിച്ചത് ഒരു ലക്ഷം വീതം

Sunday 26 June 2022 10:51 AM IST

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ ഒന്നാം പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടി പൊലീസ്. ഇയാളുടെ പാസ്‌പോർട്ട് വിവരങ്ങൾ ലഭിച്ചതിനാൽ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള കടമ്പകൾ നീങ്ങി. ഇന്നോ നാളെയോ നോട്ടീസ് പുറപ്പെടുവിച്ചേക്കും. 52കാരനായ മജീദിനായി ലുക്ക്ഔട്ട് നോട്ടീസ് നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

കസ്റ്റഡി കാലാവധി തിർന്നതിനാൽ രണ്ടാം പ്രതി പത്തനംതിട്ട സ്വദേശി അജുമോനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മജീദിനെ നാട്ടിലെത്തിക്കുന്ന മുറയ്ക്ക് അജിമോനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

മനുഷ്യക്കടത്തിന് പിന്നിൽ മജീദ് മാത്രമാണെന്നാണ് അജുമോന്റെ മൊഴി. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മജീദിന് തുടക്കത്തിൽ നാട്ടിൽ മീൻകച്ചവടമായിരുന്നു. പിന്നീടാണ് കുവൈത്തിലേക്ക് പോയത്. വർഷങ്ങളായി കുവൈത്തിലാണ്. ഇവിടെ ഒരു അംഗീകൃത റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിൽ ജീവനക്കാരനാണെന്നും മൂന്ന് ആഴ്ചമുമ്പ് നാട്ടിൽ വന്ന് മടങ്ങിയെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. മനുഷ്യക്കടത്ത് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും മുമ്പ് കണ്ണൂർ വിമാനത്താവളം വഴി കടന്നെന്നാണ് പൊലീസ് പറയുന്നത്. കുവൈത്തിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഓരോ യുവതിയെയും കുവൈത്തിൽ എത്തിക്കുമ്പോൾ മജീദിന് ഒരു ലക്ഷം രൂപ വീതം കമ്മിഷൻ കിട്ടിയിരുന്നു. മജീദിനെ സഹായിച്ച കോഴിക്കോട് സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിനിരയായ ഒരു മലയാളി യുവതിയുടെ മൊഴികൂടി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Advertisement
Advertisement