ഒലയുടെ ആദ്യ ഇലക്‌ട്രിക് കാർ: സെഡാൻ!

Monday 27 June 2022 3:14 AM IST

കൊച്ചി: ഓൺലൈൻ ടാക്‌സി സേവനത്തിൽ നിന്ന് ഇലക്‌ട്രിക് സ്കൂട്ടർ നിർമ്മാണത്തിലേക്കും വരവറിയിച്ച് വൻ സ്വീകാര്യത നേടിയ ഒല ഒരുക്കുന്ന ആദ്യ ഇലക്‌ട്രിക് കാർ ഒരു സെഡാൻ ആയിരിക്കുമെന്ന് പ്രവചിച്ച് നിരീക്ഷകലോകം.
കഴിഞ്ഞദിവസം ഒല ഇലക്‌ട്രിക് ഫാക്‌ടറിയിൽ നടന്ന കസ്‌റ്റമേഴ്‌സ് ചടങ്ങിൽ വച്ച് പുത്തൻ മോഡലിന്റെ ടീസർ കമ്പനി പുറത്തുവിട്ടിരുന്നു. തുടർന്ന്,​ ഇതൊരു സെഡാനോ ഹാച്ച്‌ബാക്കോ എസ്.യു.വിയോ ആയിരിക്കുമെന്ന വിലയിരുത്തലുകൾ വാഹനപ്രിയർക്കിടയിൽ നിറഞ്ഞു. ഇതോടെയാണ് എൻട്രി-ലെവൽ ഹാച്ച്‌ബാക്കോ എസ്.യു.വിയോ അല്ല പുത്തൻ വാഹനം ഒരു സെഡാൻ ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയത്.
സി അല്ലെങ്കിൽ ഡി സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലായിരിക്കും പുത്തൻ മോഡൽ എത്തുകയെന്നാണ് സൂചന. കുടുംബങ്ങൾക്ക് ഇണങ്ങിയ ചെറു സെഡാനാണ് സി ശ്രേണിയിലുള്ളത്. മിഡ്‌-സൈസ് ഫാമിലി സെഡാൻ കാറുകളുടേതാണ് ഡി ശ്രേണി.
ഇന്ത്യൻ ഉപഭോക്താക്കൾക്ക് എത്തിപ്പിടിക്കാവുന്ന വിലയ്ക്ക് പുത്തൻ മോഡൽ വിപണിയിൽ ഇറക്കാനാണ് ഒലയുടെ ശ്രമം. 20 ലക്ഷം രൂപയ്ക്കടുത്തായിരിക്കും വില. 2024ൽ വിപണിയിൽ എത്തിയേക്കും. ഈവർഷം ആഗസ്‌റ്റ് 15ന് കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടേക്കും.
ഒരു വശത്തുനിന്ന് മറുവശംവരെ നീളുന്ന ഫുൾ-വിഡ്ത്ത് എൽ.ഇ.ഡി ലൈറ്റ് ബാർ,​ ഷാർപ്പ് സ്‌റ്റൈലിഷ്,​ എയറോഡൈനാമിക് ഡിസൈൻ തുടങ്ങിയ മികവുകൾ ടീസറിൽ കാണാം. ഹൈ-സ്പീഡ് ചാർജിംഗും ഉണ്ടാകും.

Advertisement
Advertisement