പോർഷെ യൂസ്ഡ് കാർ വിപണിയിലേക്കും
കൊച്ചി: പ്രമുഖ ജർമ്മൻ അത്യാഡംബര സ്പോർട്‌സ് വാഹന നിർമ്മാതാക്കളായ പോർഷെ ഇന്ത്യയിൽ പ്രീ-ഓൺഡ് അഥവാ യൂസ്ഡ് കാർ ശ്രേണിയിലേക്കും ചുവടുവച്ചു. 12മാസ വാറന്റി, 24 മണിക്കൂർ റോഡ്-സൈഡ് സർവീസ്, 111-പോയിന്റ് ഇൻസ്‌പെക്‌ഷൻ തുടങ്ങിയവ ഉൾപ്പെടെ ഉറപ്പാക്കി അഖിലേന്ത്യാതലത്തിൽ യൂസ്ഡ് കാർ പദ്ധതി ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി.
ഇന്ത്യൻ നിരത്തുകളിൽ പോർഷെ കാറുകളുടെ സാന്നിദ്ധ്യം ശക്തമാക്കുക, കൂടുതൽ പേരിലേക്ക് പോർഷെയെ എത്തിക്കുക, കൂടുതൽ ഉപഭോക്താക്കൾക്ക് പോർഷെ മോഡലുകൾ പ്രാപ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് യൂസ്ഡ് കാർ സേവനമായ പോർഷെ അപ്രൂവ്ഡ് പ്രോഗ്രാം ലഭ്യമാക്കുന്നതെന്ന് പോർഷെ ഇന്ത്യ ബ്രാൻഡ് ഡയറക്‌ടർ മനോലീതോ വുജികിച്ച് വ്യക്തമാക്കി. പുത്തൻ വാഹനത്തിന് തുല്യമായ സ്‌റ്റാൻഡേർഡ് യൂസ്ഡ് പോർഷെ കാറുകൾക്കും ഉറപ്പാക്കുന്നതാണ് പോർഷെ അപ്രൂവ്ഡ് പ്രോഗ്രാമിലെ 111-പോയിന്റ് ഇൻസ്‌പെക്‌ഷൻ സേവനം.
യഥാർത്ഥമായ പോർഷെ പാർസുകളാണ് യൂസ്ഡ് കാറുകളിലും ഉള്ളതെന്ന് സേവനം ഉറപ്പാക്കുന്നു. പോർഷെ ടെക്‌നീഷ്യന്മാരുടെ സേവനവും ലഭ്യമാക്കുന്നു. വാഹനത്തിലെ എല്ലാ ഘടകങ്ങളുടെയും അറ്റകുറ്റപ്പണി ഉൾപ്പെടെ ഉറപ്പ് നൽകുന്നതാണ് 12-മാസ വാറന്റി പദ്ധതി.