തിരക്കഥ പൂർത്തിയായപ്പോൾ തന്നെക്കൊണ്ട് പറ്റില്ലെന്ന് ത്രെഡ് കൊണ്ടുവന്ന ഫഹദിന് തോന്നി, കഥ കേട്ടപാടെ ദിലീപിന് നന്നായി ഇഷ്ടപ്പെട്ടു, അനുഭവം വെളിപ്പെടുത്തി ബാദുഷ

Sunday 26 June 2022 2:55 PM IST

വർഷങ്ങളായി മലയാള സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളറായും പ്രോജക്ട് ഡിസൈനറായും പ്രവർത്തിക്കുന്നയാളാണ് എൻ.എം ബാദുഷ. 'ലോനപ്പന്റെ മാമോദീസ' എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് എത്തിയ ഷിനോയ് മാത്യുവും ചേർന്ന നിർമ്മാണ സംരംഭമായ 'ബാദുഷ സിനിമാസ്' വിതരണരംഗത്തേക്കും കടന്നിട്ടുണ്ട്. ലിയോ തദേവൂസ് സംവിധാനം ചെയ്ത 'പന്ത്രണ്ട്' ആണ് ആദ്യ ചിത്രം.

അനൂപ് മേനോൻ ചിത്രം പത്മ, ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഷെയ്‌ൻ നിഗം ചിത്രം ബർമുഡ, പ്രശസ്ത എഡിറ്റർ ജോൺ മാക്സ് സംവിധാനം ചെയ്യുന്ന അറ്റ് എന്നിവയാണ് 'ബാദുഷ സിനിമാസ്' റിലീസ് ചെയ്യുന്ന ചിത്രങ്ങൾ. ഭാര്യ മഞ്ജു ബാദുഷയും സിനിമ മേഖലയിൽ സജീവമാണ്. ജോമി കുര്യാക്കോസ് സംവിധാനം നിര്‍വ്വഹിച്ച 'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന ചിത്രം ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമിച്ചത് മഞ്ജു ബാദുഷയാണ്.

ഇപ്പോഴിതാ തന്റെ സിനിമ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് ബാദുഷയും മഞ്‌ജുവും. 'വോയ്‌സ് ഒഫ് സത്യനാഥൻ' എന്ന ചിത്രത്തിൽ ദിലീപ് എങ്ങനെ എത്തിച്ചേർന്നുവെന്നും ബാദുഷ വെളിപ്പെടുത്തി. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.

'എന്നോട് ഫഹദ് വന്ന് ഒരു സബ്‌ജക്‌ട് പറഞ്ഞു. അത് സിനിമയാക്കാമെന്ന് പറഞ്ഞു. റാഫിക്കായുമായി സംസാരിച്ചു, അദ്ദേഹം അതിന്റെ സ്ക്രിപ്‌റ്റ് തയാറാക്കി. പക്ഷേ അത് എഴുതി പൂർത്തിയായി കഴിഞ്ഞപ്പോൾ ഫഹദ് ചെയ്‌താൽ നിൽക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ തോന്നി. ആ സമയത്താണ് പ്രൊജക്‌ട് ഏതെങ്കിലുമുണ്ടോ എന്ന് റാഫിക്കായോട് ദിലീപേട്ടൻ തിരക്കുന്നത്. ഈ കഥ കേട്ടപ്പോൾ ദിലീപേട്ടന് ഭയങ്കര ഇഷ്ടമായി. എന്നെ വിളിച്ച് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് വോയ്‌സ് ഒഫ് സത്യനാഥൻ സംഭവിക്കുന്നത്'- ബാദുഷ പറഞ്ഞു.

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'വോയ്‌സ് ഒഫ് സത്യനാഥൻ'. ജോജു ജോർജ്, അലൻസിയർ, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഉണ്ണിരാജ, വീണ നന്ദകുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ബാദുഷ സിനിമാസിന്റെയും ഗ്രാൻഡ് പ്രൊഡഷൻസിന്റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലിപ്, പ്രിജിൻ കെ.പി എന്നിവർ ചേർന്നാണ് നിർമ്മാണം.