രാത്രിമഴ പെയ്യട്ടെ, ഇനി കരയില്ല; സ്വന്തം വീടിന്റെ സുരക്ഷയിൽ അഖില

Monday 27 June 2022 1:12 AM IST

കേരളകൗമുദി വാർത്തയ്ക്കുപിന്നാലെ വീട് യാഥാർത്ഥ്യമായി

തിരുവനന്തപുരം: ഇനി പെരുമഴയത്തും പേടിക്കാതെ അഖിലയ്ക്ക് സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. കേരളത്തിന്റെ ഖോ ഖോ താരമായ അഖില അടച്ചുറപ്പില്ലാത്ത വീട്ടിൽ ജീവിക്കുന്ന ദുരവസ്ഥ കേരളകൗമുദി പുറത്തുകൊണ്ടുവന്നത് കഴിഞ്ഞ ജൂലായ് 21ന്. ഒരാണ്ടിനിപ്പുറം,മംഗലപുരം കൈലാത്തുകോണം കുറക്കടയിലെ അലപ്പുറത്തുണ്ടായിരുന്ന മൺവീടിന്റെ സ്ഥാനത്ത് കോൺക്രീറ്റ് വീട് ഉയർന്നിരിക്കുന്നു. നാളെ വൈകിട്ട് 5.30ന് മുൻമന്ത്രി എം.എം. മണി താക്കോൽ അഖിലയ്ക്ക് കൈമാറും.

സംസ്ഥാന ഖോ-ഖോ സീനിയർ ടീമിലും കോഴിക്കോട് സർവകലാശാല ടീമിലും അംഗമായ അഖിലയുടെ ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്ത അന്നുതന്നെ സഹായ ഹസ്തങ്ങളുയർന്നു

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയാണ് വീടുവയ്ക്കാനായി ആദ്യം മുന്നോട്ടുവന്നത്. അന്നുതന്നെ സർക്കാർ സഹായത്തോടെ വീടൊരുക്കാനുള്ള നടപടികൾ മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകവും സ്വീകരിച്ചു. എന്നാൽ, നാടിന്റെ അഭിമാനമായ കായിക താരത്തിന് വീടൊരുക്കി നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം തീരുമാനിച്ചതോടെ കാര്യങ്ങൾ ആ വഴിക്കു നീങ്ങി. വീടു നിർമ്മിക്കുന്നതു വരെ കഴിയാൻ പഞ്ചായത്ത് വാടക വീടും ഏർപ്പാടാക്കി. രണ്ട് ബെഡ് റൂമും ഹാളും അടുക്കളയും ഉൾപ്പെടുന്ന 600 സ്ക്വയർ ഫീറ്റിലുള്ള ടെറസ് വീടാണ് യാഥാർത്ഥ്യമായത്.

സി.പി.എം മംഗലപുരം ലോക്കൽ കമ്മിറ്രി സെക്രട്ടറി അബ്ദുൾസലാം ചെയർമാനായും അംഗം ശശികുമാർ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചിരുന്നു. 13 ബ്രാഞ്ച് കമ്മിറ്റികളാണ് ധനസമാഹരണം നടത്തിയത്. ബിരിയാണി ചല‌ഞ്ച് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഇതിനായി സ്വീകരിച്ചു.

താക്കോൽദാനം നാളെയാണെങ്കിലും വീട്ടുകാരുടെ പാലു കാച്ച് ചടങ്ങ് വ്യാഴാഴ്ചയാണ്. അന്ന് അഖിലയും മാതാപിതാക്കളായ സിന്ധുവും സുനിൽകുമാറും സിന്ധുവിന്റെ മാതാപിതാക്കളായ വാമദേവനും സുഭദ്ര യും താമസമാക്കും.

നാളെ നടക്കുന്ന താക്കോൽദാന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.അജയകുമാർ, ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി അടക്കമുള്ളവർ പങ്കെടുക്കും.

Advertisement
Advertisement