കെട്ടിട നമ്പർ തട്ടിപ്പ്: ഉപയോഗിച്ചത് റിട്ട. ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ സിഗ്നേച്ചർ

Monday 27 June 2022 12:00 AM IST

കോഴിക്കോട്: കോർപ്പറേഷനിൽ റവന്യു വിഭാഗം സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ 'സഞ്ചയ' സോഫ്റ്റ് വെയറിലെ ലോഗിൻ ഐ.ഡിയും പാസ്‌‌വേഡും ഡിജിറ്റൽ സിഗ്നേച്ചറും ഉപയോഗിച്ചാണ് വ്യാജ കെട്ടിട നമ്പർ നൽകിയ കേസിലെ പ്രതികൾ അതിനുള്ള വെരിഫിക്കേഷൻ നടത്തിയതെന്ന് പൊലീസ് കണ്ടെത്തൽ. ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡും ലോഗിൻ ഐ.ഡിയും ഉപയോഗിച്ചാണ് നമ്പർ നൽകുന്നതിനുള്ള അപ്രൂവൽ നടപടി പൂർത്തിയാക്കിയത്. ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് നാല് ഉദ്യോഗസ്ഥരെ കോർപ്പറേഷൻ സെക്രട്ടറി നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർ അറസ്റ്രിലായവരുടെ കൂട്ടത്തിലില്ല.

ഫറോക്ക് അസി. കമ്മിഷണർ എം.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്രു ചെയ്തത്. കാരപ്പറമ്പ് കരിക്കാംകുളത്തെ കെട്ടിടത്തിന് നമ്പർ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കെട്ടിടം ഉടമ അബൂബക്കർ സിദ്ദിഖ് നമ്പറിനായി വിരമിച്ച ഉദ്യോഗസ്ഥനായ പി.സി.കെ.രാജനെ സമീപിക്കുകയായിരുന്നു. ഇയാളാണ് ഇടനിലക്കാർ വഴി തൊഴിൽ വിഭാഗം ക്ലാർക്ക് അനിൽകുമാറിനെ സമീപിച്ചത്. അനിൽകുമാർ കെട്ടിട നികുതി വിഭാഗം ക്ലാർക്ക് സുരേഷിനെ ഏർപ്പാടാക്കി. ഇയാളാണ് സോഫ്റ്റ് വെയറിലെ ലോഗിൻ വിവരങ്ങൾ ചോർത്തി ഡിജിറ്റൽ സിഗ്‌നേച്ചർ ഉൾപ്പടെ ചെയ്തത്.

ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങളുടെ വസ്തു നികുതി നിർണയ വിവരങ്ങൾ എൻട്രി ചെയ്ത് സൂക്ഷിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ ഓൺലൈൻ സോഫ്റ്റ് വെയറായ 'സഞ്ചയ'യിൽ ജീവനക്കാർക്ക് അനുവദിച്ച ലോഗിൻ വിവരങ്ങളാണ് ദുരുപയോഗം ചെയ്തത്.

രാമനാട്ടുകര മുനിസിപ്പാലിറ്റിയിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയെന്ന സെക്രട്ടറിയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisement
Advertisement