രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് സ്വർണക്കടത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ: കെ.സുരേന്ദ്രൻ

Monday 27 June 2022 12:38 AM IST

ആലപ്പുഴ: സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വീണ്ടെടുക്കാനുമാണ് എസ്.എഫ്‌.ഐക്കാരെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എമ്മിന്റെ ആസൂത്രിത നീക്കത്തിൽ കോൺഗ്രസ് വീണു. മുഖ്യമന്ത്രിയും സി.പി.എമ്മും ആഗ്രഹിച്ചപോലെ, സംസ്ഥാനത്ത് തെരുവുസംഘർഷമാണ്.

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് രാഷ്ട്രീയ വിഷയത്തിൽ നിന്ന് വഴിതിരിച്ചു വിടാനുള്ള അവസരം ഇടതുപക്ഷത്തിന് നൽകിയത് കോൺഗ്രസാണ്. സ്വർണക്കള്ളക്കടത്തും സ്വപ്നയുടെ മൊഴിയും ചർച്ച ചെയ്യാതെ രാഷ്ട്രീയ സംഘർഷങ്ങൾ ചർച്ചയായതിനു കാരണവും കോൺഗ്രസാണ്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് സി.പി.എമ്മുകാർ തകർത്തിട്ടും കോൺഗ്രസ് ബി.ജെ.പിക്കെതിരെയാണ്.

പകൽ സി.പി.എമ്മും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമായ നിരവധി പ്രവർത്തകരാണ് സി.പി.എമ്മിലുള്ളത്. ഇത്തരം തീവ്രവാദികളെ കോടിയേരി പുറത്താക്കണം.

വൈദ്യുതി, ബസ്ചാർജ് വർദ്ധനകളിലൂടെ അമിതഭാരം അടിച്ചേൽപ്പിച്ച് പാവങ്ങളെ ദ്രോഹിക്കുമ്പോൾ, മാസാമാസം പുതിയ കാറുകൾ വാങ്ങി മുഖ്യമന്ത്രി ധൂർത്ത് നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisement
Advertisement