കക്കോടിയിൽ ആധുനിക ശ്മശാനം യാഥാർത്ഥ്യമാവുന്നു

Monday 27 June 2022 12:24 AM IST
ശ്മശാനം

കോഴിക്കോട്: കക്കോടിയിൽ ആധുനിക രീതിയിൽ സ്ഥാപിക്കുന്ന പൊതുശ്മശാനത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. പഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ശ്മശാനം യാഥാർത്ഥ്യമാവുന്നതോടെ പരിഹാരമാവുന്നത്. അവസാനഘട്ട മിനുക്കുപണികൾ പൂർത്തിയാവുന്നതോടെ ശ്മശാനം പൂർണമായും പ്രവർത്തനസജ്ജമാവും.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ഫണ്ടായ 75 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 1.8 ഏക്കർ സ്ഥലത്ത് ശ്മശാനം പണിയുന്നത്. ആധുനികരീതിയിലുള്ള ഇലക്ട്രിക് ശ്മശാനത്തിൽ ഒരു സമയം ഒരു മൃതദേഹം ദഹിപ്പിക്കാനുള്ള സൗകര്യമാണ് നിലവിൽ ഒരുക്കുന്നത്. ഇവിടേക്കുള്ള റോഡിന്റെ നിർമാണം പൂർത്തിയായി. വൈദ്യുതീകരണം പുരോഗമിച്ചുവരികയാണ്. രണ്ട് മാസത്തിനകം പ്രവൃത്തി പൂർത്തിയാവും. നിലവിൽ നഗരത്തിലെ ശ്മശാനങ്ങളെയാണ് കക്കോടി നിവാസികൾ ആശ്രയിക്കുന്നത്. നിർമാണം പൂർത്തിയായാൽ അടുത്ത പഞ്ചായത്തുകളിൽ ഉള്ളവർക്കും ശ്മശാനം ഉപയോഗിക്കാൻ കഴിയും.

Advertisement
Advertisement