ദേശീയപാത 66: കെട്ടിടം പൊളിക്കലിന് അന്ത്യശാസനം

Monday 27 June 2022 1:18 AM IST

കൊല്ലം: ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾ എത്രയും വേഗം പൊളിച്ചുനീക്കണമെന്ന് ഉടമകൾക്ക് കളക്ടറുടെ അന്ത്യശാസനം.

രണ്ട് മാസമായി പൊളിക്കൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ 20 ശതമാനം മാത്രമാണ് പൂർത്തിയായത്. ഇന്ന് തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള സംഘമിറങ്ങി കെട്ടിടം ഉടമകളെ കണ്ട് എത്രയും വേഗം പൊളിച്ചുനീക്കാൻ ആവശ്യപ്പെടും. തയ്യാറായില്ലെങ്കിൽ അടുത്തയാഴ്ചയോടെ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കരാർ കമ്പിനികളെ ഉപയോഗിച്ച് കെട്ടിടം പൊളിക്കും.

പൊളിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ ശേഖരിക്കുന്നതിനാണ് ഉടമകൾക്ക് പൊളിക്കാൻ അനുവാദം നൽകിയത്. വീടുകളും മതിൽക്കെട്ടുകളും വലിയ അളവിൽ പൊളിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളാണ് ഇനി കൂടുതലായി പൊളിക്കാനുള്ളത്.

കെട്ടിടങ്ങൾ നീക്കിയ ഭാഗം മണ്ണിട്ട് നികത്തി തുടങ്ങി. വൈകാതെ പൈപ്പ് ലൈനുകളും വൈദ്യുതി, ഇന്റർനെറ്റ് കേബിളുകളും മാറ്റിത്തുടങ്ങും. ഇതിന് പിന്നാലെ ഓട നിർമ്മാണം തുടങ്ങും. സമാന്തരമായി പാലം നിർമ്മാണവും ആരംഭിക്കും.

നിർമ്മാണം രണ്ട് റീച്ച്

ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര മുതൽ കൊല്ലം കാവനാട് വരെയും കാവനാട് മുതൽ കടമ്പാട്ടുകോണം വരെയും രണ്ട് റീച്ചുകളായാണ് ജില്ലയിലെ ദേശീയപാത 66ന്റെ വികസനം.

Advertisement
Advertisement