ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ല, സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി, നിയമസഭയിൽ രേഖാമൂലം മറുപടി

Monday 27 June 2022 7:22 PM IST

തിരുവനന്തപുരം: ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് യാത്രയിൽ ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാൽ കറൻസി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറയുന്നു.

2016ലെ ദുബായ് യാത്രയ്ക്കിടെ ബാഗേജ് മറന്നെന്നും എം. ശിവശങ്കർ ഇടപെട്ട് യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യു.എ.ഇയിൽ എത്തിച്ചെന്നും ഇതിൽ കറൻസിയായിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു സ്വപ്നയുടെ ആരോപണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോടായിരുന്നു സ്വപ്ന ആരോപണം ഉന്നയിച്ചത്. . ഇതേക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.