കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം അംഗീകരിച്ച് സിൻഡിക്കേറ്റ്

Monday 27 June 2022 8:54 PM IST

കണ്ണൂർ : കണ്ണൂർ സർവകലാശാല മലയാളം നിഭാഗം അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വർഗീസിന്റെ നിയമനം സിൻഡിക്കേറ്റ് അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയവർഗീസ്. പ്രിയ വർഗീസിന്റെ നിയമന വാർത്തയ്ക്ക് പിന്നാലെ യോഗ്യതയെച്ചൊല്ലി വിവാദമുയർന്നിരുന്നു. ഇതിനെ തുടർന്ന് മാസങ്ങളായി പൂഴ്‌ത്തി വച്ച റാങ്ക് ലിസ്റ്റാണ് സിൻഡിക്കേറ്റ് അംഗീകരിച്ചത്.

അസോസിയേറ്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പ്രിയ വർഗീസിന് ഇല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ നിയമനം വിവാദമായിരുന്നു. സെനറ്റംഗം ഡോ. ആർ.കെ. ബിജുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പ്രിയയുടെ യോഗ്യതാ വിവരങ്ങളുണ്ടായിരുന്നത്.

യു.ജി.സി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പിഎച്ച്.ഡിയും എട്ട് വർഷത്തെ അദ്ധ്യാപന പരിചയവും വേണമെന്നിരിക്കെ പ്രിയയ്ക്ക് പിഎച്ച്.ഡി നേടിയ ശേഷം ഒരു മാസത്തെ അദ്ധ്യാപന പരിചയമാണുണ്ടായിരുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം എട്ടുവർഷത്തെ അദ്ധ്യാപന പരിചയം നേടേണ്ടത് പിഎച്ച്.ഡി ലഭിച്ച ശേഷമാണെന്ന ചിലരുടെ കണ്ടുപിടിത്തം അസംബന്ധമാണെന്നായിരുന്നു പ്രിയ വർഗീസിന്റെ പ്രതികരണം,​. കാലിക്കറ്റ് സർവകലാശാലയിലെ 2004ലെ നിയമനവുമായി ബന്ധപ്പെട്ട് 2014ൽ തീർപ്പാക്കിയ കേസിലെ കോടതി ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് യു.ജി.സി ചട്ടങ്ങളിലൊന്നുമില്ലാത്ത പുതിയൊരു വ്യവസ്ഥ സൃഷ്ടിച്ചെടുക്കാനാണ് ശ്രമമെന്നും പ്രിയ പറഞ്ഞു.

Advertisement
Advertisement